ബലാത്സംഗ പരാതി നല്‍കുമെന്ന് ഭയം; യുവതിയെ കൊന്നു മുഖം വികൃതമാക്കി റെയില്‍വെ പാളത്തില്‍ തള്ളി
സൂറത്ത് ജില്ലയിലെ മാണ്ഡ്‍വി താലൂക്ക്, കരംഗ് ഗ്രാമത്തിലെ വിനയ് റായിനെയാണ് (38) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ബലാത്സംഗ പരാതി നല്‍കുമെന്ന ഭയത്തെ തുടര്‍ന്ന് യുവതിയെ കൊന്നു മുഖം വികൃതമാക്കി റെയില്‍വെ പാളത്തില്‍ തള്ളിയ കേസില്‍ സൂറത്ത് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.
സൂറത്ത് ജില്ലയിലെ മാണ്ഡ്‍വി താലൂക്ക്, കരംഗ് ഗ്രാമത്തിലെ വിനയ് റായിനെയാണ് (38) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്ത്രീയുടെ മൃതദേഹം തല വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തെ തൊലി നീക്കം ചെയ്തിരുന്നു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവാണെന്നും മാണ്ഡ്‍വിക്കടുത്തുള്ള ഗ്രാമത്തിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണെന്നും സൂറത്ത് പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതിക്ക് കൊല്ലപ്പെട്ട യുവതിയുമായി ബന്ധമുണ്ടായിരുന്നു. ആഗസ്ത് 24 ന് നന്ദൂർബാർ ജില്ലയിലെ റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 10 ദിവസങ്ങൾക്ക് മുമ്പ് ബീഹാറിൽ നിന്ന് യുവതിയെ സൂറത്തിലേക്ക് കൊണ്ടുവന്നതായും അവൾക്ക് മറ്റൊരാളുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും അയാള്‍ക്കെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നതായും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. വിവാഹം കഴിച്ചില്ലെങ്കിൽ തനിക്കുമെതിരെ ബലാത്സംഗ പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും വിനയ് റായ് പറഞ്ഞു. തനിക്കെതിരെ പരാതി നൽകുമെന്ന് ഭയന്നാണ് താൻ യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു.
തുടര്‍ന്ന് പ്രതി യുവതിയെ ട്രയിനില്‍ നന്ദൂര്‍ബാറിലേക്കു കൊണ്ടുപോവുകയും വിദൂരസ്ഥലത്ത് വച്ച് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഗ്രാമത്തിലേക്കു മടങ്ങിപ്പോയ വിനയ് റായ് പതിവു പോലെ ജോലിക്കു പോവുകയും ചെയ്തു.