നിരന്തരം വഴക്കിടുന്ന ഭാര്യയില്‍ നിന്ന് രക്ഷവേണം, സ്വസ്ഥമായി ജയിലില്‍ കഴിയാന്‍ പൊലീസ് സ്റ്റേഷന് തീയിട്ട് യുവാവ്

ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ സംഭവം. പൊലീസ് ചോദ്യം ചെയ്യലിലാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍

Update: 2021-08-30 12:09 GMT
Advertising

ഭാര്യയുമായുള്ള കലഹത്തില്‍ മനംമടുത്ത് കുറച്ചു ദിവസം സ്വസ്ഥമായി ജയിലിൽ കഴിയാന്‍ പൊലീസ്​ സ്​റ്റേഷന്​ തീവെച്ച് യുവാവ്. ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ സംഭവം. 23 കാരനായ ദേവ്‌ജി ചാവ്ഡയാണ്​​ അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ വിചിത്രമായ വെളിപ്പെടുത്തല്‍. 

രാജ്​കോട്ട്​, ജാംനഗർ റോഡിലെ ബജ്‌റംഗ് വാഡി പൊലീസ് സ്​റ്റേഷന്​ എതിർവശത്താണ് യുവാവ്​ കുടുംബ​ത്തോടൊപ്പം താമസിച്ചിരുന്നത്. അടുത്തിടെ വിവാഹം കഴിച്ച ഇയാൾക്ക്​ വീട്ടിലെ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഭാര്യയുമായി നിരന്തരം വഴക്ക് ആരംഭിച്ചത്. ഇതിൽ മനംമടുത്തതിനാല്‍ സ്വസ്ഥമായി ഭക്ഷണം കഴിച്ച്​ കുറച്ചുദിവസം ജയിലിൽ കഴിച്ചുകൂട്ടുകയായിരുന്നു ദേവ്ജിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 

ഞായറാഴ്ച വൈകുന്നേരം നാലോടെ പോലീസ് സ്​റ്റേഷനിലെത്തിയ ഇയാള്‍ ഇന്ധനം ഉപയോഗിച്ച് തീയിടുകയായിരുന്നു. ഈ സമയം സ്​റ്റേഷനിൽ പൊലീസുകാർ ആരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഏതാനും വ്യാപാരികൾ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നെന്നും ഇൻസ്പെക്ടർ ഖുമാൻസിങ് വാല വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻസ്പെക്ടർ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News