കടം നൽകിയ പണം തിരികെ ചോദിച്ച ദലിത് അധ്യാപികയെ തീകൊളുത്തി കൊന്നു
ജയ്പൂരിനടുത്ത് റയിസർ ഗ്രാമത്തിലാണ് സംഭവം നടന്നത്
ജയ്പൂർ: രാജസ്ഥാനിൽ പൊതുമധ്യത്തില്‍ ദലിത് അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്തി. 34 കാരിയായ അനിത റീഗറാണ് മരിച്ചത്. കടം നൽകിയ പണം തിരികെ ചോദിച്ചതിന് ആഗസ്റ്റ് 10 നായിരുന്നു അധ്യാപികയെ ബന്ധുക്കൾ തീകൊളുത്തിയത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് അനിത മരിച്ചത്.
ജയ്പൂരിനടുത്ത് റയിസർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മകനോടൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് പ്രതികൾ അനിതയെ ആക്രമിച്ചത്. യുവതി കോളനിയിലെ വീടിനുള്ളിൽ കയറി രക്ഷപ്പെടാൻ പൊലീസിനെ വിളിച്ചു. എന്നാൽ പൊലീസ് സ്ഥലത്തെത്തിയില്ല. തൊട്ടുപിന്നാലെ പ്രതികൾ ഇവരുടെ ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീകത്തിനില്‍ക്കുന്ന യുവതിയെ രക്ഷപ്പെടുത്താന്‍ ആരും മുന്നോട്ട് വന്നില്ലെന്ന് മാത്രമല്ല, ഇതിന്‍റെ ദൃശ്യങ്ങള്‍ നാട്ടുകാർ പകർത്തുകയും ചെയ്തു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.ഇത്തരം ദാരുണമായ നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 18 ബലാത്സംഗങ്ങളും ഏഴ് കൊലപാതകങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.