കേദാർനാഥിലേക്ക് വളർത്തുനായയെ കൊണ്ടുപോയി; വ്‌ളോഗർക്കെതിരെ പരാതിയുമായി ക്ഷേത്രം അധികൃതർ
സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിൽ വളർത്തുനായയെ കൊണ്ടുപോയ നോയിഡയിലെ വ്‌ളോഗർക്കെതിരെ പരാതിയുമായി ക്ഷേത്രം അധികൃതർ. കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്‌ളോഗറായ രോഹൻ ത്യാഗി വളർത്തുനായയായ നവാബിനെയും കൊണ്ട് ക്ഷേത്രത്തിൽ പോകുകയും നെറ്റിയിൽ പുരോഹിതനെകൊണ്ട് തിലകം അണിയിക്കുകയും ചെയ്തത്. ഇതിനെതിരെ വ്യാഴാഴ്ച വൈകുന്നേരമാണ് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) പൊലീസിൽ പരാതി നൽകിയത്.
ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വ്‌ളോഗർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബികെടിസി പ്രസിഡന്റ് അജേന്ദ്ര അജയ് രംഗത്തെത്തി. ഭക്തിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് വ്‌ളോഗർ ചെയ്തതെന്നും അയാളുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബി.കെ.ടി.സി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു. 'ഇതിന് ഭക്തിയുമായി യാതൊരു ബന്ധവുമില്ല. ബാബ കേദാർനാഥിൽ വിശ്വസിക്കുന്ന ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്നു. അത്തരം പ്രവൃത്തികൾ വളരെ ആദരണീയമായ ആരാധനാലയത്തിന്റെ പവിത്രത ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വിഷയത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് രുദ്രപ്രയാഗ് പൊലീസ് സൂപ്രണ്ട് ആയുഷ് അഗർവാൾ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് വിശദമായ അന്വേഷണത്തിനായി വീഡിയോകൾ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് രോഹൻ ത്യാഗി രംഗത്തെത്തി. 'ആളുകൾ നീന്തൽകുളത്തിലേക്ക് പോകുന്നത് പോലും വീഡിയോയാക്കിയിടുകയാണ്. ഞാൻ എന്റെ നായയുമായി 20 കിലോമീറ്റർ നടന്നാണ് ക്ഷേത്രത്തിലേക്ക് പോയത്. അതിൽ തെറ്റൊന്നും കാണുന്നില്ലെന്നും' അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയയോയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് രോഹൻ ത്യാഗി വീഡിയോ പോസ്റ്റ് ചെയ്തത്.'കഴിഞ്ഞ നാല് വർഷമായി ഞാൻ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും എന്റെ നായയെ കൊണ്ടുപോയി. പിന്നെ എന്തിനാ ഇപ്പോഴീ നാടകമെന്നും അദ്ദേഹം ചോദിച്ചു. അതേ സമയം സംഭവത്തെ ന്യായീകരിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കേദാർനാഥിൽ നേരത്തെ രണ്ട് തീർത്ഥാടകർ കേദാർനാഥ് ക്ഷേത്രത്തിലേക്ക് ഹുക്കയുമായി പോയത് ഏറെ വിവാദമായിരുന്നു. ഇതിന്റെ വീഡിയെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബികെടിസി പ്രസിഡന്റ് പറഞ്ഞു. 'ഇത്തരം സംഭവങ്ങൾ തുടർന്നാൽ, ഭക്തി സ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിദ്വാറിലെയും ഋഷികേശിലെയും ആരാധനാലയങ്ങളിൽ വിനോദസഞ്ചാരികൾ ഹുക്ക വലിക്കുകയും അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിൽ പൊലീസ് 'ഓപ്പറേഷൻ മര്യാദ' ആരംഭിച്ചിരുന്നു.