യാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച യാത്രക്കാരനെതിരെ കേസ്; നഷ്ടപരിഹാരം നൽകി ഒതുക്കാനും എയർ ഇന്ത്യ നീക്കം

ഡിസംബർ 28നാണ് എയർലൈനിൽ നിന്ന് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. യാത്രക്കാരിയുടെ പരാതി ഒരു മാസം അവർ മൂടിവച്ചു- പൊലീസ് പറഞ്ഞു.

Update: 2023-01-05 04:40 GMT
Advertising

ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച യാത്രക്കാരനെതിരെ കേസ്. ഡൽഹി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തിനെതിരായ അതിക്രമം, അശ്ലീല പ്രവൃത്തി, അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.

മുംബൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 35-40 വയസുള്ള ബിസിനസുകാരനാണ് പ്രതിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം നടന്ന് ഒന്നര മാസം ആകാനിരിക്കെയാണ് വിഷയത്തിൽ പൊലീസ് നടപടിയുണ്ടാവുന്നത്.

"ഡിസംബർ 28നാണ് എയർലൈനിൽ നിന്ന് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. യാത്രക്കാരിയുടെ പരാതി ഒരു മാസം അവർ മൂടിവച്ചു. ഇതിനിടെ നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും പരാതിക്കാരി അത് നിരസിച്ചു. സംഭവത്തിൽ യാത്രക്കാരി ഞങ്ങൾക്ക് അപൂർണമായ പരാതി നൽകിയിരുന്നു. തുടർന്ന് സ്ത്രീയുമായി ബന്ധപ്പെട്ടപ്പോൾ, അവർ ഡൽഹിയിൽ ഇല്ലെന്നു പറഞ്ഞു. എയർലൈനിൽ നിന്ന് പരാതി സ്വീകരിക്കാൻ അവർ ഞങ്ങളോട് പറയുകയും ചെയ്തു"- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടർന്ന്, സ്ത്രീയുടെ പരാതി കൈമാറാൻ പൊലീസ് എയർലൈനിനോട് ആവശ്യപ്പെടുകയായിരുന്നു. ശേഷം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 294, 354, 509, 510 എന്നീ വകുപ്പുകളും എയർക്രാഫ്റ്റ് ചട്ടങ്ങളിലെ വകുപ്പുകളും പ്രകാരമാണ് യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

നവംബർ 26ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ന്യൂയോർക്ക് വിമാനം പോകുന്നതിനിടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ആഹാരം നൽകിയ ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സീറ്റിനടുത്തേക്ക് വന്നശേഷം ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നെന്നാണ് പരാതി. മൂത്രമൊഴിച്ച ശേഷം സ്വകാര്യ അവയവങ്ങൾ പ്രദർശിപ്പിക്കുകയും തുടർന്ന് അവിടെ തന്നെ നിൽക്കുകയും ചെയ്തെന്നും 71കാരിയുടെ പരാതിയിൽ പറയുന്നു.

ഇതിനിടെ, പ്രതിയായ യാത്രക്കാരന് എയർ ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്കാണ് വിലക്ക്. പരാതി അന്വേഷിക്കാൻ എയർ ഇന്ത്യ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയമലംഘനം നടത്തിയ യാത്രക്കാരനെതിരെ കൂടുതൽ നടപടിയെടുക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.

2022 നവംബർ 26ന് ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത സ്ത്രീയുടെ ദേഹത്തേക്കാണ് പ്രതി മൂത്രമൊഴിച്ചത്. എന്നാൽ പരാതി നൽകിയിട്ടും യാത്രക്കാരനെതിരെ നടപടിയെടുക്കാൻ വിമാനജീവനക്കാർ തയ്യാറായില്ലെന്നും യാത്രക്കാരി പറയുന്നു. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോഴും ഒരു നടപടിയും ഇയാൾക്കെതിരെ എടുത്തില്ലെന്നും പരാതി കാബിൻ ക്രൂ നിരസിച്ചതായും യാത്രക്കാരി ആരോപിക്കുന്നു.

പരാതിയിൽ വിമാനക്കമ്പനി നടപടിയെടുക്കാതിരുന്നതോടെ ഇയാൾ നാടുവിട്ടെന്നാണ് പൊലീസ് പറയുന്നത്. 71കാരി പിന്നീട് എയർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് കത്തെഴുതുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം, ഇയാൾ മൂത്രമൊഴിച്ച് തന്റെ വസ്ത്രമെല്ലാം നനഞ്ഞെന്നും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിൽ സീറ്റുകൾ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റിൽ ഇരിക്കാൻ ജീവനക്കാർ നിർബന്ധിച്ചുവെന്നും യാത്രിക പരാതിപ്പെടുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നൽകിയതെന്നും ആരോപണമുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News