ബംഗാളിൽ യുവതിയെ നടുറോഡിലിട്ട് മർദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു; ബി.ജെ.പി ഐ.ടി സെൽ മേധാവിക്കും സിപിഐ(എം) സംസ്ഥാന സെക്രട്ടറിക്കുമെതിരെ കേസ്
യുവതിയെ തൃണമൂൽ കോൺഗ്രസ് ഭീഷണിപ്പെടുത്തി പരാതി നൽകുകയായിരുന്നെന്ന് അമിത് മാളവ്യ
കൊൽക്കത്ത: ഉത്തർ ദിനാജ്പൂരിലെ ചോപ്ര മേഖലയിൽ യുവതിയെ നടുറോഡിലിട്ട് ആക്രമിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും സിപിഐ(എം) സംസ്ഥാനസെക്രട്ടറി മുഹമ്മദ് സെലിമിനുമെതിരെ കേസെടുത്തു. സോഷ്യൽമീഡിയയിൽ തന്നെ ആക്രമിക്കുന്ന വീഡിയോ പങ്കുവെച്ചെന്നാരോപിച്ച് ഇരുവർക്കുമെതിരെ ആക്രമണത്തിനിരയായ യുവതി തിങ്കളാഴ്ച പൊലീസ് പരാതി നൽകിയിരുന്നു.
ജൂൺ 30 ന് പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടന്ന് സോഷ്യൽമീഡിയയിൽ വൈറലാകുകയായിരുന്നു. തന്റെ സമ്മതമില്ലാതെ ചിലർ വീഡിയോ പങ്കുവെക്കുകയും വൈറലാക്കുകയും ചെയ്തുവെന്നും ഇത് തന്നെ അപകീർത്തിപ്പെടുത്തിയെന്നുമായിരുന്നു സ്ത്രീയുടെ പരാതി.വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇരയായ സ്ത്രീ പരാതിയിൽ ഉന്നയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അമിത് മാളവ്യയ്ക്കും മുഹമ്മദ് സെലിമിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഇരയായ യുവതിയെ തൃണമൂൽ കോൺഗ്രസ് ഭീഷണിപ്പെടുത്തി പരാതി നൽകുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു.ആക്രമണത്തിന് ഇരയായവരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കുറ്റവാളികളെ സംരക്ഷിക്കാനും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാനും ഉപയോഗിക്കുന്നുവെന്ന് അമിത് മാളവ്യ ആരോപിച്ചു. സന്ദേശ്ഖാലിയിലെ സംഭവങ്ങൾ മുതൽ ചോപ്ര വരെയുള്ള സംഭവങ്ങൾ ഇരകളെ ചൂഷണം ചെയ്യുന്നതിന്റെ തെളിവാണെന്നും മാളവ്യ കുറ്റപ്പെടുത്തി.
തനിക്കും സിപിഐഎം നേതാവ് സലിമിനുമെതിരെ നൽകിയ പരാതിയുടെ ആധികാരികതയെക്കുറിച്ചും മാളവ്യ സംശയം പ്രകടിപ്പിച്ചു. ഇത് ഇരയുടെ സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും മാളവ്യ ആരോപിച്ചു.ആ വീഡിയോ ബംഗാൾ മാധ്യമങ്ങളിൽ മുഴുവൻ പ്രചരിച്ചിരുന്നു. ഡൽഹിയിൽ എത്തുന്നതിന് മുമ്പ് തന്നെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.ഇരയായ സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം പരാതി നൽകാൻ ഇടയില്ല. ഇരയായ സ്ത്രീയോടുള്ള നീതിയല്ല മമത ബാനർജിയുടെ മുൻഗണന, മറിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണെന്നും അമിത് മാളവ്യ പറഞ്ഞു.
ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ബിജെപിക്കെതിരെ കേസെടുക്കുകയാണെന്ന് കേന്ദ്രമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ സുകാന്ത മജുംദാർ പറഞ്ഞു. ബി.ജെ.പി എന്താണെന്ന് ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 30 ന് ചോപ്രയിൽ യുവതിയെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവാണ് യുവതിയെ മർദിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചിരുന്നു.