പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്ന കാര്യം എന്തായിരിക്കും? രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ
വിദ്യാർഥികളുമായി ചേർന്ന് പ്രിയങ്ക ഗാന്ധി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്
പുതുതലമുറയിൽപ്പെട്ടവരുമായി സംവദിക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന നേതാവാണ് രാഹുൽ ഗാന്ധി. രാജ്യത്തെ വിവിധയിടങ്ങളിലുള്ള വിദ്യാർഥികളുമായി അദ്ദേഹം നടത്തിയ ചർച്ചകളും സംവാദങ്ങളും ഇതിനോടകം തന്നെ വാർത്തയായിട്ടുമുണ്ട്.
അത്തരത്തിൽ മാസങ്ങൾക്ക് മുമ്പ് കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദവും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഇതേ സ്‌കൂളിലെ വിദ്യാർഥി സംഘം ഡൽഹി സന്ദർശിക്കുകയും രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സമയം ചെലവഴിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്.
വിദ്യാർഥികളുമായുള്ള സംഭാഷണത്തിനിടെ താൻ പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുകയെന്തായിരിക്കുമെന്ന ചോദ്യത്തിന് സ്ത്രീകൾക്ക് സംവരണം നൽകണമെന്നതായിരുന്നു രാഹുലിന്റെ ഉത്തരം.
സംഘത്തിനോടൊപ്പം രാഹുൽ ഗാന്ധി അത്താഴം കഴിക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാർഥികളുമായി ചേർന്ന് പ്രിയങ്ക ഗാന്ധി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.