കോവിഡ് കാപ്പ വകഭേദം ഗുജറാത്തിലും; അഞ്ചു കേസുകള്‍ സ്ഥിരീകരിച്ചു
ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗുജറാത്തില്‍ കോവിഡിന്‍റെ കാപ്പ വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. അഞ്ചുപേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ജാംനഗറില്‍ മൂന്ന് കേസുകളും പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലും ഓരോ കേസുകള്‍ വീതവുമാണ് സ്ഥിരീകരിച്ചത്.
ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ് ബാധിതരായവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചതിൽ നിന്നാണ് അഞ്ചുപേരില്‍ വൈറസ് ബാധ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്താണ് കാപ്പ വകഭേദം
ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡ് വകഭേദമാണ് ബി.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ. രണ്ട് വൈറല്‍ തരംഗങ്ങള്‍ അടങ്ങിയ ഈ വകഭേദത്തിലുള്ള ഇ484ക്യൂ മ്യൂട്ടേഷന്‍, ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും പടര്‍ന്ന് പിടിക്കുന്ന ഇ484കെ മ്യൂട്ടേഷനുമായി സാമ്യമുള്ളതാണ്.
മേയിലാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ 'കാപ്പ' എന്ന് നാമകരണം ചെയ്തത്. ലോകാരോഗ്യ സംഘടന 'വേരിയന്‍റ് ഓഫ് ഇന്ററസ്റ്റ്' വിഭാഗത്തിലാണ് കാപ്പയെ ഉൾകൊള്ളിച്ചിരിക്കുന്നത്. ജനിതകമാറ്റത്തിന്‍റെ സ്വഭാവം മുൻകൂട്ടി പ്രവചിച്ചിട്ടുള്ള വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന 'വേരിയന്‍റ് ഓഫ് ഇന്ററസ്റ്റ്' പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇവയ്ക്ക് ജനിതകമാറ്റം വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്.
ഈ വകഭേദം മൂലമുണ്ടാകുന്ന രോഗ വ്യാപനം, രോഗബാധയുടെ തീവ്രത, ജനങ്ങളുടെ രോഗപ്രതിരോധശേഷിയിൽ അതുണ്ടാക്കുന്ന പ്രതികരണം, മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി എന്നീ കാര്യങ്ങളെ കുറിച്ച് വിവരങ്ങൾ ലഭ്യമാണ്. കാപ്പ വകഭേദം സംബന്ധിച്ച് ആശങ്കവേണ്ടെന്ന് ഐ.സി.എം.ആർ നേരത്തെ വ്യക്തമാക്കിയിരുന്നു.