സത്യപാൽ മാലിക്കിന് സി.ബി.ഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
ഈ മാസം 27ന് ഡൽഹി സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകി
ഡല്‍ഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സി.ബി.ഐ നോട്ടീസ്. ഈ മാസം 27ന് ഡൽഹി സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകി. കശ്മീർ റിലയൻസ് ഇൻഷുറൻസ് കേസിലാണ് ചോദ്യം ചെയ്യൽ. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള സത്യപാൽ മാലികിന്‍റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.
കശ്മീരിൽ റിലയൻസിന്റെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ ആർ.എസ്.എസ് നേതാവും ബി.ജെ.പി മുൻ കേന്ദ്ര ജനറൽ സെക്രട്ടറിയുമായ രാം മാധവ് തന്നെ വീട്ടിൽ വന്നു കണ്ടിരുന്നുവെന്നായിരുന്നു സത്യപാലിന്‍റെ വെളിപ്പെടുത്തല്‍. കരൺ ഥാപ്പറിനു നൽകിയ 'ദി വയർ' അഭിമുഖത്തിലാണ് സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ. 'കുളിക്കുമുൻപ് ഞാൻ ആളുകളെ കാണാറില്ല. പക്ഷെ, അന്ന് രാം മാധവിനെ കാണേണ്ടിവന്നു. എന്തിനാണ് അദ്ദേഹം രാജ്ഭവനിൽ വരുന്നത്? അവിടെ എന്താണ് സംസാരിക്കാനുള്ളത്? ഗോവധത്തെക്കുറിച്ച് സംസാരിക്കാനാണോ? തലേന്നു രാത്രി വിഷയം ഞങ്ങൾ തീരുമാനമാക്കിയതാണ്. പിറ്റേന്നു രാവിലെ അദ്ദേഹം വീണ്ടും തിരിച്ചുവന്നിരിക്കുന്നു. ഇൻഷുറൻസ് വിഷയം അവസാനിപ്പിച്ചോ എന്നു ചോദിച്ചു എന്നോട്. ഞാൻ അതേയെന്നും പറഞ്ഞു. അപ്പോൾ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചോ എന്നു ചോദിച്ചു. അതേയെന്ന് ഞാനും. അതോടെ രാം മാധവ് നിരാശനാകുന്നതു കണ്ടു. പിന്നീട് ഒന്നും പറഞ്ഞതുമില്ല. എന്താണ് സംഗതിയെന്ന് എനിക്ക് മനസിലായി'-സത്യപാൽ പറഞ്ഞിരുന്നു.
150 കോടി വീതമുള്ള രണ്ട് കരാറുകളെക്കുറിച്ചുള്ള ചർച്ചയും താൻ കശ്മീർ ഗവർണറായിരിക്കെ നടന്നിരുന്നുവെന്ന് സത്യപാൽ വെളിപ്പെടുത്തി. റിലയൻസിന്‍റെ ഇൻഷുറൻസ് പദ്ധതിയെയും മെഹ്ബൂബ മുഫ്തി സർക്കാരിൽ ധനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളയാളുമായ ഹസീബ് ദ്രാബു ഉൾപ്പെട്ട ജലവൈദ്യുത പദ്ധതിയെയും കുറിച്ചാണ് സത്യപാൽ സൂചിപ്പിച്ചത്. രണ്ടു കരാറും താൻ റദ്ദാക്കിയിട്ടുണ്ടെന്നും അതു തനിക്കുള്ള ഓഫറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.