മഠാധിപതിയെ ബ്ലാക്‌മെയിൽ ചെയ്തു; തമിഴ്‌നാട്ടിൽ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേർ അറസ്റ്റിൽ
ബി.ജെ.പിയുടെ യൂത്ത് വിങ് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമാണ് അറസ്റ്റിലായത്
ചെന്നൈ:തമിഴ്‌നാട്ടിൽ മഠാധിപതിയെ ബ്ലാക്‌മെയിൽ ചെയ്ത സംഭവത്തിൽ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേർ അറസ്റ്റിൽ. മഠാധിപതിയെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് കാണിച്ച് തമിഴ് ശൈവ മഠമായ ധർമ്മപുരം അധീനം നൽകിയ പരാതിയിലാണ് ഇവരെ മയിലാടുതുറൈ പൊലീസ് അറസ്റ്റ് ചെയ്തത്.
അശ്ലീല ഓഡിയോ വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് ശ്രീ ല ശ്രീ മസിലാമണി ദേശിക ജ്ഞാനസംപന്ദ പരമാശാര്യ സ്വാമിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് കാണിച്ച് സഹോദരനാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊടിയരസു, ശ്രീനിവാസ്, വിനോദ്, വിഘ്‌നേഷ് എന്നീ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ വിനോദ് ബി.ജെ.പിയുടെ തഞ്ചാവൂർ നോർത്ത് യൂത്ത് വിങ് സെക്രട്ടറിയും വിഘ്‌നേഷ് ജില്ലാ സെക്രട്ടറിയുമാണ്.
മഠാധിപതിയുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കൈവശമുണ്ടെന്ന് പറഞ്ഞ് മഠത്തിൽ ജോലി ചെയ്യുന്ന വിനോദും സെന്തിലും വാട്സ്ആപ്പ് വഴി താന്നോട് ബന്ധപ്പെട്ടെന്നും വലിയ തുക നൽകിയില്ലെങ്കിൽ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ വിരുതഗിരി പറഞ്ഞു. ആരെങ്കിലും പൊലീസിനെ സമീപിച്ചാൽ അക്രമം നടത്തുമെന്നും കൊലപാതകം നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും വിരുതഗിരി പറഞ്ഞു. ഫെബ്രുവരി 25 ന് അന്വേഷണം ആരംഭിച്ച പൊലീസ് ഐപിസി സെക്ഷൻ 120 (ബി), 307, 506 (ഐഐ), 389 എന്നിവ പ്രകാരമാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.