ഇന്ധനവില വര്‍ധനവിന് പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസെന്ന് പെട്രോളിയം മന്ത്രി

ഇന്ധനവില വര്‍ധനയുടെ പേരില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

Update: 2021-06-23 07:58 GMT
Advertising

ഇന്ധനവില വര്‍ധനവിന് പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കോണ്‍ഗ്രസ് ഭരണകാലത്ത് കോടിക്കണക്കിന് രൂപയുടെ ഓയില്‍ ബോണ്ടുകളില്‍ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇപ്പോള്‍ അതിന്റെ മുതലും പലിശയും ചേര്‍ത്ത് ഞങ്ങള്‍ അടയ്ക്കുകയാണ്. അതാണ് പെട്രോള്‍ വിലയില്‍ വലിയ വര്‍ധനവിന് കാരണമായത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും വില വര്‍ധനവിന് കാരണമാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പെട്രോളിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതും വില വര്‍ധനവിന് കാരണമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

ഇന്ധനവില വര്‍ധനയുടെ പേരില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്ത് ഇനി അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇന്ധനവില കുറയും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കാന്‍ തുടങ്ങിയത്. സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇന്ധനവില കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നത് കാണാമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News