ഗഗൻയാൻ 2025ൽ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യവുമായി ഐഎസ്ആർഒ മുന്നോട്ട്
ചന്ദ്രയാൻ 3ന്റെ വിക്ഷേപണം ഇതുവരെ അനുകൂലമെന്നും അഭിമാനം നൽകുന്ന സന്ദേശങ്ങളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്നും ചെയർമാൻ
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യവുമായി ഐഎസ്ആർഒ മുന്നോട്ട്. 2025 ൽ ഗഗൻയാൻ വിക്ഷേപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.
" ഗഗൻയാന്റെ വിക്ഷേപണം വരെയുള്ള ഓരോ ഘട്ടവും വളരെ പ്രധാനമാണ്. ഓരോ ഘട്ടത്തിലും ഒരുപാട് പുരോഗതികൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സുപ്രധാന ടെസ്റ്റ് വിജയകരമായി നടത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ടെസ്റ്റുകളുണ്ടാകും. നൂറുകണക്കിന് ടെസ്റ്റുകൾ നടത്തിയാലേ ദൗത്യം വിജയകരമാകൂ. ഇത്തരത്തിൽ ടെസ്റ്റുകളെല്ലാം ഭംഗിയായി നിറവേറ്റി മുന്നോട്ടു പോയാൽ 2025ൽ ഗഗൻയാൻ വിക്ഷേപിച്ചേക്കും".
ചന്ദ്രയാൻ- മൂന്നിന്റെ വിക്ഷേപണം ഇതുവരെ അനുകൂലമാണ്. സുപ്രധാനമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. സന്തോഷവും അഭിമാനവും നൽകുന്ന സന്ദേശങ്ങളാണ് ഓരോ ദിവസവും ലഭിക്കുന്നത്". ചെയർമാൻ പാലക്കാട് പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ പര്യവേഷണ രംഗത്ത് ഏറ്റവും സുപ്രധാനമായ ചുവടു വയ്പ്പാണ് ഗഗൻയാൻ. ഭ്രമണപഥത്തിലേക്കാണ് ഗഗൻയാന്റെ വിക്ഷേപണം. ഇന്ത്യക്കാരായ ബഹിരാകാശ ഭ്രമണപഥത്തിൽ എത്തിച്ച് അവിടെ കുറച്ചു ദിവസം ചെലവഴിച്ച ശേഷം തിരികെ ഇന്ത്യയിലെത്തിക്കുന്നതാണ് പദ്ധതി. കോവിഡ് മൂലം പദ്ധതിയുടെ പ്രവർത്തനങ്ങൾ വൈകിയെങ്കിലും നിലവിൽ പ്രവർത്തനങ്ങൾ സുഗമമാണ്.