രാജസ്ഥാനില്‍ 14 ലക്ഷം രൂപ നിറച്ച എടിഎം അപ്പാടെ അടിച്ചുമാറ്റി
ഞായറാഴ്ച പുലർച്ചെ കോട്‍പുട്‍ലി ടൗണിലാണ് സംഭവം.
ജയ്പൂര്‍: രാജസ്ഥാനില്‍ 14 ലക്ഷം രൂപ നിറച്ച എ.ടി.എം മെഷീന്‍ അഞ്ചംഗ സംഘം അപ്പാടെ അടിച്ചുമാറ്റി. ഞായറാഴ്ച പുലർച്ചെ കോട്‍പുട്‍ലി ടൗണിലാണ് സംഭവം.
ജയ്പൂർ-ഡൽഹി ദേശീയ പാതയിൽ സ്ഥാപിച്ചിട്ടുള്ള ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അപ്പാടെ പിഴുതുകൊണ്ടു പോവുകയായിരുന്നുവെന്ന് കോട്‍പുട്‍ലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രവീന്ദ്ര കുമാർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബറിലും സമാനരീതിയിലുള്ള മോഷണം ഛണ്ഡീഗഡിലും നടന്നിരുന്നു. ഹോഷിയാർപൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎം മെഷീൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമായിരുന്നു മോഷണം. എട്ടേമുക്കാല്‍ ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.