അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാകേന്ദ്രങ്ങളിൽ എന്‍.ഐ.എ റെയ്ഡ്
യുപി,പഞ്ചാബ്,രാജസ്ഥാൻ,ഡൽഹി,ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധന
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാകേന്ദ്രങ്ങളിൽ എന്‍.ഐ.എ റെയ്ഡ്. യുപി,പഞ്ചാബ്,രാജസ്ഥാൻ,ഡൽഹി,ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധന. ചൊവ്വാഴ്ച രാവിലെ മുതലാണ് റെയ്ഡ് തുടങ്ങിയത്.
നാല് സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ആറിലധികം ജില്ലകളിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ലോറൻസ് ബിഷ്‌ണോയ്, നീരജ് ബവാന, തില്ലു താസ്‌പുരിയ, ഗോൾഡി ബ്രാർ എന്നിവരുമായി ബന്ധമുള്ള ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. നിരവധി ഗുണ്ടാസംഘങ്ങളെ എൻഐഎ ചോദ്യം ചെയ്തതിന് ശേഷമാണ് ഈ തിരച്ചിലുകൾ ആസൂത്രണം ചെയ്തത്.
ഒക്ടോബറിൽ, ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഡൽഹിയിലുമായി 52 സ്ഥലങ്ങളിൽ നടത്തിയ മെഗാ സെർച്ച് ഓപ്പറേഷനിൽ ഒരു അഭിഭാഷകനെയും ഹരിയാനയിൽ നിന്നുള്ള ഒരു ഗുണ്ടാസംഘത്തെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ഉസ്മാൻപൂർ പ്രദേശത്തെ ഗൗതം വിഹാർ സ്വദേശിയായ ആസിഫ് ഖാനാണ് അറസ്റ്റിലായ അഭിഭാഷകൻ. ആസിഫിന്‍റെ വസതിയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് നാല് ആയുധങ്ങളും കുറച്ച് പിസ്റ്റളുകളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘങ്ങളുമായി ആസിഫിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി എൻ.ഐ.എ വ്യക്തമാക്കി.
ഹരിയാനയിലെ സോനെപത് സ്വദേശിയായ രാജു മോട്ട എന്ന രാജേഷിനെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. എൻഐഎ പ്രകാരം മോട്ടയ്‌ക്കെതിരെ ഒന്നിലധികം ക്രിമിനൽ കേസുകളുണ്ട്.സെപ്റ്റംബറിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ 52 സ്ഥലങ്ങളിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) എൻ.ഐ.എ തിരച്ചിൽ നടത്തിയിരുന്നു.