കര്‍ണാടക തെരഞ്ഞെടുപ്പ്; ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍: വിമര്‍ശനവുമായി പ്രതിപക്ഷം
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവധി ബാധകമാണ്
പനാജി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മേയ് 10ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍. തിങ്കളാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവധി ബാധകമാണ്.
പ്രമോദ് സാവന്ത് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വ്യവസായ സ്ഥാപനങ്ങളും രംഗത്തുവന്നു. അവധിക്കെതിരെ നിയമപരമായ മാർഗം സ്വീകരിക്കേണ്ടി വരുമെന്ന് ഗോവ സ്റ്റേറ്റ് ഇൻഡസ്ട്രീസ് അസോസിയേഷൻ അറിയിച്ചു. സര്‍ക്കാരിന്‍റേത് 'അസംബന്ധ' തീരുമാനമാണെന്ന് ഗോവ സ്റ്റേറ്റ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്‍റ് ദാമോദർ കൊച്ച്കർ പറഞ്ഞു. "ഇത് തികച്ചും അസംബന്ധവും മണ്ടത്തരവുമായ തീരുമാനമാണെന്ന് ഗോവയിലെ വ്യവസായ സ്ഥാനങ്ങള്‍ കരുതുന്നു. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വ്യവസായങ്ങളെ മോചനദ്രവ്യമാക്കുകയാണ്. സർക്കാരിന്‍റെ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ നിയമപരമായ മാര്‍ഗം തേടുമെന്ന്'' കൊച്ച്കർ കൂട്ടിച്ചേര്‍ത്തു.
വിഡ്ഢിത്തമെന്നാണ് ആം ആദ്മി പാർട്ടിയുടെ ഗോവ യൂണിറ്റ് പ്രസിഡന്‍റ് അമിത് പലേക്കര്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്. ''നമ്മുടെ അമ്മ മഹദേയിയെ കർണാടകയ്ക്ക് വിറ്റതിന് ശേഷം, ബി.ജെ.പി നേതൃത്വത്തിലുള്ള ഗോവ സർക്കാർ അയൽക്കാരെ പ്രീതിപ്പെടുത്താൻ തരംതാഴുകയാണ്,' അദ്ദേഹം വീഡിയോ സന്ദേശത്തിൽ ആരോപിച്ചു.ഗോവ ഫോർവേഡ് പാർട്ടിയും (ജിഎഫ്പി) സംസ്ഥാന സർക്കാരിനെ അപലപിച്ചു.അയൽ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അവധി നൽകുന്നത് പതിവാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.കഴിഞ്ഞ വർഷം ഗോവയിൽ വോട്ടെടുപ്പ് നടന്ന ദിവസം കർണാടകയിൽ അവധി പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.മഹാദേയി നദീജലം പങ്കിടുന്നതിനെച്ചൊല്ലി ഗോവയും കർണാടകയും കടുത്ത തർക്കത്തിലാണ്.
@DrPramodPSawant’s enthusiasm and swift decision making wasn’t evident when #Goans asked for a holiday for #RamaNavami. #Goemkars in #Goa obviously do not enjoy the same regard or respect as his friends in @BJP4Karnataka. For @goacm and @BJP4Goa it’s ‘Jai Shri @BSBommai!’ https://t.co/AGfq1JLy4B
— Goa Forward (@Goaforwardparty) May 8, 2023