എക്‌സിറ്റ്‌പോൾ ഫലങ്ങൾ ശരിയാവുന്നു; ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
14 സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ലീഡ് നേടുന്നു
എക്സ്റ്റിപോൾ ഫലങ്ങളെ ശരിവെച്ച് ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബി.ജെ.പിയുടെ മുന്നേറ്റമാണ് ഉണ്ടായതെങ്കിലും പിന്നീട് കോൺഗ്രസ് ശക്തമായി തിരിച്ച് വരികയായിരുന്നു. 14 സീറ്റുകളിൽ കോൺഗ്രസും ബിജെപിയും ലീഡ് നേടുന്നു. ഏഴ് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും മുന്നേറ്റം നടത്തുന്നുണ്ട്. ഇവിടെ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പിടിക്കുന്ന സീറ്റുകൾ നിർണായകമാവും.
ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ ലീഡ് ചെയ്യുന്നുണ്ട്. നേരത്തെ പനാജിയിൽ ഉത്പൽ പരീക്കറിന് ബിജെപി സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ഉത്പൽ പരീക്കർ മത്സരിച്ചു. ശിവസേന-എൻ.സി.പി സഖ്യവും ഉത്പൽ പരീക്കറിന് പിന്തുണയറിയിച്ചിരുന്നു.
40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിലാണ് വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത. ഗോവയിൽ കുതിരക്കച്ചവടത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് കോൺഗ്രസ് എം.എൽ.എമാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എക്‌സിറ്റ്‌പോൾ ഫലങ്ങൾ ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടാമാണ് പ്രവചിച്ചിരുന്നത്.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ സംഭവിച്ച അബദ്ധം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബിജെപി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തിയിരുന്നു.