കേരളത്തിൽ ഭരണം പിടിക്കും, ദക്ഷിണേന്ത്യ പുതിയ ഫോക്കസ്; ഹൈദരാബാദിൽ ബി.ജെ.പി യോഗത്തിൽ ഒരുങ്ങുന്നതെന്ത്?
ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും അധികം വൈകാതെ ഭരണത്തിലേറുമെന്ന ആത്മവിശ്വാസം അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തിലുണ്ട്
ഹൈദരാബാദ്: കേരളമടക്കം ബി.ജെ.പിക്ക് ഇനിയും അധികാരം പിടിക്കാൻ കഴിയാത്ത ദക്ഷിണേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഹ്വാനാണ് ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിലെ പ്രധാന രാഷ്ട്രീയ തീരുമാനം. പ്രത്യേക പ്രമേയത്തിലൂടെയാണ് പാർട്ടി പുതിയ നീക്കങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ അവസാനിക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമിത് ഷായുടെ ആത്മവിശ്വാസം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇന്ന് ദേശീയ എക്‌സിക്യൂട്ടീവിൽ പുതിയ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി ഇതുവരെ ഭരണം പിടിക്കാത്ത കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉടൻ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നത്. ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും അധികം വൈകാതെ ഭരണത്തിലേറുമെന്ന ആത്മവിശ്വാസം പ്രമേയത്തിലുണ്ട്.
തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ വാഴ്ച അവസാനിപ്പിക്കുമെന്നാണ് പ്രമേയത്തിലെ മറ്റൊരു പ്രഖ്യാപനം. അടുത്ത 30-40 വർഷം ബി.ജെ.പിയുടെ യുഗമായിരിക്കുമെന്ന അവകാശവാദവും അമിത് ഷാ നടത്തിയിട്ടുണ്ട്. രാജ്യം വിശ്വഗുരു(ആഗോള നേതാവ്) ആയി മാറുമെന്നും ഷാ പ്രഖ്യാപിച്ചു.
അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലെയും ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി വിജയവും യോഗത്തിൽ ചർച്ചയായി. പാർട്ടിയുടെ വികസന രാഷ്ട്രീയത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ജനങ്ങളുടെ അംഗീകാരമാണ് ഇത് അടിവരയിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. ജാതിരാഷ്ട്രീയവും പ്രീണനരാഷ്ട്രീയവും കുടുംബവാഴ്ചയുമെല്ലാം അവസാനിപ്പിക്കാൻ അമിത് ഷാ ആഹ്വാനം ചെയ്തതായും പ്രസംഗത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഗുജറാത്ത് കലാപം, ഉദയ്പൂർ കൊല
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന സുപ്രിംകോടതി വിധിയെക്കുറിച്ചും യോഗത്തിൽ അമിത് ഷാ പ്രതികരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി പ്രധാനമന്ത്രി നരേനന്ദ്ര മോദിക്കെതിരെ സമർപ്പിച്ച ഹരജി തള്ളിയെ കോടതിവിധിയെ ഷാ സ്വാഗതം ചെയ്തു.
അന്വേഷണ കാലയളവിൽ ഉടനീളം മോദി മൗനം പാലിക്കുകയായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. അദ്ദേഹം ഭരണഘടനയിൽ വിശ്വാസമർപ്പിച്ചു. ശിവനെപ്പോലെ വിഷം കുടിച്ചിറക്കിയും ആ മൗനം തുടരുകയായിരുന്നുവെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
നുപൂർ ശർമയുടെ പ്രവാചകനിന്ദയിൽ പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും ഉദയ്പൂർ കൊലപാതകത്തെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. പ്രീണനരാഷ്ട്രീയം അവസാനിപ്പിച്ചാൽ മാത്രമേ മതവർഗീയത അവസാനിപ്പിക്കൂവെന്നായിരുന്നു ഷായുടെ പ്രതികരണം.
Summary: Will form governments in Kerala, Telangana, Andhra Pradesh, Bengal, Tamil Nadu- Pledges BJP national executive meet at Hyderabad