ഓടുന്ന കാറില്‍ മാസ്‌ക് ധരിക്കാതെ ഡാന്‍സ്; ഗുജറാത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
മൂന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്
ഗുജറാത്തില്‍ മാസ്‌ക് ധരിക്കാതെ ഓടുന്ന കാറില്‍ ഡാന്‍സ് ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനേ തുടര്‍ന്ന് മൂന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്റ് ചെയ്തു. ജഗദീഷ് സോളങ്കി, ഹരേഷ് ചൗധരി, രാജാ ഹിരാഗര്‍ എന്നിര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം.പൊലീസുകാരില്‍ ഒരാളാണ് വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. യാത്ര എപ്പോഴാണെന്ന് വ്യക്തമല്ല.
ഡ്രൈവര്‍ ഉള്‍പെടെ ആരും സീറ്റ് ബെല്‍റ്റോ മാസ്‌കോ ധരിച്ചിരുന്നില്ല. ടാഫിക് നിയമങ്ങള്‍ ലംഘിക്കല്‍, മാന്യമല്ലാത്ത പെരുമാറ്റം, പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ എന്നിവ കണ്ടെത്തിയതിനേ തുടര്‍ന്ന് കച്ച്-ഈസ്റ്റ് പൊലീസ് സൂപ്രണ്ട് മയൂര്‍ പാട്ടീലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
നാല് പൊലീസുകാര്‍ വാഹനത്തില്‍ പാട്ടിനൊപ്പം നൃത്തം വെക്കുന്നത് വീഡിയോയില്‍ കാണാം. നാലാമത്തെ കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ അയല്‍പക്കത്തുള്ള ബനസ്‌കന്ത ജില്ലയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ മാധ്യമങ്ങളും നിരവധി സോഷ്യല്‍ മീഡിയ ചാനലുകളും വാര്‍ത്തയാക്കിയിരുന്നു.