കസ്റ്റഡി മർദനക്കേസിൽ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി
കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കിയത്.
പോർബന്തർ: കസ്റ്റഡി മർദനക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 1997ലെ കേസിൽ സഞ്ജീവ് ഭട്ടിനെ പോർബന്തറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യ കുറ്റവിമുക്തനാക്കിയത്. സഞ്ജീവ് ഭട്ട് പോർബന്തർ എസ്പിയായിരുന്ന കാലത്തെ സംഭവത്തിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1996ൽ രാജസ്ഥാനിലെ അഭിഭാഷകന്റെ വാഹനത്തിൽ ലഹരിവെച്ച് കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണത്തിൽ 20 വർഷം തടവിനും സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചിരുന്നു. നിലവിൽ രാജ്‌കോട്ട് ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ് ഭട്ട്.
സഞ്ജീവ് ഭട്ട്, കോൺസ്റ്റബിളായിരുന്ന വാജുഭായ് ചൗ എന്നിവർക്കെതിരെയായിരുന്ന നരൻ ജാദവ് എന്നയാളുടെ പരാതിയിൽ കേസെടുത്തത്. വാജുഭായ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. ഐപിസി 324 മാരകായുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, ഐപിസി 330 നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ടാഡ കേസിൽ അറസ്റ്റിലായ നരൻ ജാദവിന്റെ പരാതി.
1997 ജൂലൈ ആറിന് ജാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013 ഏപ്രിൽ 15നാണ് സഞ്ജീവ് ഭട്ടിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 1994ലെ ആയുധ ഇറക്കുമതി കേസിലെ 22 പ്രതികളിൽ ഒരാളാണ് നരൻ ജാദവ്.
1997 ജൂലൈ അഞ്ചിന് അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽനിന്ന് പോർബന്തർ പൊലീസ് നരൻ ജാദവിനെ സഞ്ജീവ് ഭട്ടിന്റെ വീട്ടിലെത്തിച്ചു. ജാദവിന്റെ രഹസ്യഭാഗങ്ങളിലടക്കം അവിടെവെച്ച് വൈദ്യുതാഘാതമേൽപ്പിച്ചു. ജാദവിന്റെ മകനെയും വൈദ്യുതാഘാതമേൽപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. പരാതിക്കാരൻ കോടതിയിൽ താൻ നേരിട്ട പീഡനം തുറന്നുപറഞ്ഞതോടെ 1998 ഡിസംബർ 31നാണ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് എന്ന ഗുജറാത്ത് കേഡർ ഐപിഎസ് ഓഫീസർ വാർത്തകളിൽ നിറഞ്ഞത്. 2011ൽ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഭട്ടിന് അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2015 ആഗസ്റ്റിൽ സർവീസിൽനിന്ന് പിരിച്ചുവിടുകയായിരുന്നു.