'പ്രത്യേക കുറ്റവാളിയോ തടവുപുള്ളിയോ അല്ല'; ജയിലിൽ പ്രത്യേക സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ടീസ്റ്റ സെതൽവാദ് കോടതിയില്‍
ഇന്നലെയാണ് ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്
ഡൽഹി: ജയിലിൽ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് കോടതിയെ സമീപിച്ചു. പ്രത്യേക കുറ്റവാളിയോ തടവുപുള്ളിയോ അല്ലെന്നും അതിനാൽ പ്രത്യേക സുരക്ഷ ആവശ്യമാണെന്നും ടീസ്റ്റയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇന്നലെയാണ് ടീസ്റ്റയെയും മലയാളിയും ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയും അഹമ്മദാബാദിലെ മെട്രോപൊളിറ്റൻ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ഇതിന് പിന്നാലെയാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ടീസ്റ്റ കോടതിയെ സമീപിച്ചത്. എന്നാൽ ഇതിനെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. ഇത്തരമൊരു അഭ്യർഥന മാനിച്ചാൽ ജയിലിൽ സുരക്ഷ തേടി എല്ലാ തടവുകാരും കോടതിയിലെത്തുമെന്നും അദ്ദേഹം വാദിച്ചു.അതേസമയം, ജയിൽ മാന്വൽ അനുസരിച്ച് ടീസ്റ്റയുടെ സുരക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എംവി ചൗഹാൻ ഉത്തരവിട്ടതായി 'ടൈംസ്ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു.
2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഗൂഢാലോചനയുടെ വ്യാജ തെളിവുകളുണ്ടാക്കിയെന്നാരോപിച്ചാണ് ജൂൺ 26നാണ് പൊലീസ് ടീസ്റ്റ സെതൽവാദിനെയും ശ്രീകുമാറിനെയും കസ്റ്റഡിയിലെടുത്തത്.