പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് കശ്മീര്‍ നേതാക്കള്‍
മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
ജൂണ്‍ 24ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് കശ്മീരിലെ പ്രമുഖ നേതാക്കള്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.
ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത് ഞങ്ങളുടെ നിലപാട് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മുന്നില്‍ അവതരിപ്പിക്കും. അവരുടെ പ്രതികരണം ജനങ്ങളെ അറിയിക്കും-വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു.
മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ചര്‍ച്ചക്കുള്ള അവസരം നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മെഹബൂബ പറഞ്ഞു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്രം പുനഃസ്ഥാപിച്ചേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നാണ് വിവരം.