ഗ്യാൻവാപി: ഹിന്ദു സേനാ അഭിഭാഷകന് ഹൃദയാഘാതം
ജയിൻ കോടതിയിലെത്താത്തതിനെ തുടര്‍ന്ന് എതിർ അഭിഭാഷകൻ എവിടെ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചപ്പോഴാണ് ജയിന് ഹൃദയാഘാതമുണ്ടായ കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്
ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട കേസിൽ ഹിന്ദു സേനക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ ഹരി ശങ്കര്‍ ജയിന് ഹൃദയാഘാതം. ജയിൻ കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് എതിർ അഭിഭാഷകൻ എവിടെ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചപ്പോഴാണ് ജയിന് ഹൃദയാഘാതമുണ്ടായ കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. ജയിനിന്‍റെ മകനുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചെന്നും ജയിന്‍ ഇപ്പോൾ ആശുപത്രിയിലാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഗ്യാൻവാപി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരാണസി കോടതി വിധി പരമോന്നത കോടതി സ്‌റ്റേ ചെയ്തു. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയച്ച കോടതി എവിടെയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. വാരാണസി കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രാദേശിക കോടതി ഉത്തരവിട്ട വീഡിയോഗ്രഫി സർവേയ്‌ക്കെതിരെ അഞ്ജുമാൻ ഇൻതിസാമിയ്യ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. 1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്നാണ് കമ്മിറ്റി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡണ്ടും ഹരജി സമർപ്പിച്ചിരുന്നു.