കോടതി പരിഗണിക്കും മുമ്പേ മുദ്രവച്ച കവറിൽ സമർപ്പിച്ച ഗ്യാൻവാപി മസ്ജിദ് റിപ്പോർട്ട് പുറത്ത്
മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് മണിക്കൂറുകൾക്ക് ശേഷം ഹർജിക്കാരുടെ അഭിഭാഷകർ പങ്കുവെക്കുകയായിരുന്നുവെന്ന് എൻ.ഡി. ടിവി
വാരണാസി: ഇന്ന് വാരണാസി കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച ഗ്യാൻവാപി മസ്ജിദ് റിപ്പോർട്ട് കോടതി പരിഗണിക്കും മുമ്പേ പുറത്ത്. ഹിന്ദു ദേവീദേവന്മാരുടെ വിഗ്രഹങ്ങളുള്ളതിനാൽ പള്ളി സമുച്ചയത്തിനുള്ളിൽ ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഹർജിക്കാർ നൽകിയ കേസിൽ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.
മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് മണിക്കൂറുകൾക്ക് ശേഷം ഹർജിക്കാരുടെ അഭിഭാഷകർ പങ്കുവെക്കുകയായിരുന്നുവെന്ന് എൻ.ഡി. ടിവി റിപ്പോർട്ട് ചെയ്യുന്നു. ഗ്യാൻവാപി പള്ളിക്കുള്ളിൽ ഹിന്ദു വിഗ്രഹങ്ങളും ചിഹ്നങ്ങളും ഉണ്ടെന്ന പരാതിക്കാരുടെ അവകാശവാദങ്ങളെ റിപ്പോർട്ട് പിന്തുണയ്ക്കുന്നതായി തോന്നുന്നുവെന്നും വാർത്തയിൽ പറയുന്നു. എന്നാൽ എൻഡിടിവിക്ക് സ്വതന്ത്രമായി വിശദാംശങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്.
ത്രിശൂല ചിഹ്നങ്ങൾ, താമര കൊത്തുപണികൾ, പുരാതന ഹിന്ദി കൊത്തുപണികൾ എന്നിവ കാശി-വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോ സർവേയിൽ കണ്ടെത്തിയതായി ഹർജിക്കാർ പങ്കുവെച്ച റിപ്പോർട്ടിൽ പറയുന്നു. പള്ളിക്കകത്ത് ശിവലിംഗമുണ്ടെന്ന അവകാശവാദം പരസ്യമാക്കിയതിനെ തുടർന്ന് സർവേയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടിരുന്നു. എന്നാൽ താൻ വാടകക്ക് വിളിച്ച കാമറാമാനാണ് വിവരം പുറത്തുവിട്ടതെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ:
- മസ്ജിദിന്റെ താഴേനിലയിലെ തൂണുകളിൽ പൂക്കളുടെ കൊത്തുപണികളും ഒരു 'കലാശ്' (കുടം) ഉണ്ട്.
- താഴേനിലയിലെ ഒരു തൂണിൽ 'പുരാതന ഹിന്ദി ഭാഷ'യിലുള്ള കൊത്തുപണികൾ കണ്ടെത്തി.
- താഴേനിലയിലെ ചുവരിൽ 'ത്രിശൂല' ചിഹ്നം കണ്ടെത്തി.
- രണ്ട് വലിയ തൂണുകളും മസ്ജിദിന്റെ പടിഞ്ഞാറൻ ഭിത്തിയിൽ നിന്ന് നീണ്ടുനിൽക്കുന്ന ഒരു കമാനവും സംഘം കണ്ടെത്തി. ഹർജിക്കാർ അവയെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ എന്ന് വിളിക്കുന്നു, എന്നാൽ മസ്ജിദ് കമ്മിറ്റി ഈ അവകാശവാദത്തെ എതിർക്കുകയാണ്.
- മസ്ജിദിന്റെ മധ്യ താഴികക്കുടത്തിന് താഴെ ഒരു കോണാകൃതിയിലുള്ള ഘടന കണ്ടെത്തി.
- മസ്ജിദിന്റെ മൂന്നാമത്തെ താഴികക്കുടത്തിന് താഴെയുള്ള ഒരു കല്ലിൽ താമര കൊത്തുപണികളുണ്ട്.
- 'വുദു' (നമസ്‌കാരത്തിന് മുമ്പുള്ള ശുദ്ധീകരണ ചടങ്ങ്) ന് ഉപയോഗിക്കുന്ന മസ്ജിദ് സമുച്ചയത്തിലെ കുളത്തിൽ 2.5 അടി ഉയരമുള്ള ഒരു വൃത്താകൃതിയിലുള്ള ഘടന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹരജിക്കാർ ഇതിനെ ശിവലിംഗം എന്ന് വിളിക്കുന്നു, എന്നാൽ ഇത് ഒരു ജലധാരയാണെന്നാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്.
റിപ്പോർട്ടിനെ കുറിച്ച് ഗ്യാൻവാപി പള്ളി കമ്മിറ്റിയിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കോടതി കാണുന്നതിനും അഭിപ്രായം പറയുന്നതിനും മുമ്പുതന്നെ ഒരു സെൻസിറ്റീവ് റിപ്പോർട്ട് പങ്കുവെച്ചത് ആശ്ചര്യകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 1947 ഓഗസ്റ്റ് 15 ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവി നിലനിർത്തുന്ന 1991-ലെ ആരാധനാലയങ്ങളുടെ നിയമം ലംഘിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് റിപ്പോർട്ട് ഉത്തരം നൽകുന്നില്ലെന്ന് വാർത്തയിൽ പറയുന്നു. 19 പേജുള്ള റിപ്പോർട്ട് അധികൃതർ ആധികാരികമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിയമം ചൂണ്ടിക്കാട്ടി ഗ്യാൻവാപി കോംപ്ലക്സിനുള്ളിൽ ചിത്രീകരണം നടത്തുന്നതിനെ മസ്ജിദ് കമ്മിറ്റി നേരത്തെ എതിർത്തിരുന്നു ഹരജിക്കാരുടെ അഭ്യർത്ഥന പ്രകാരം മസ്ജിദിനുള്ളിലെ ഏതെങ്കിലും ഭാഗം പൊളിക്കുന്നതിനെ എതിർത്ത് കമ്മിറ്റി ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. നൂറു കണക്കിന് വീഡിയോ ക്ലിപ്പുകളും ഫോട്ടോഗ്രാഫുകളുമടക്കം മുദ്രവച്ച ബോക്‌സിലാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. നിലവിൽ തങ്ങൾ കേസ് പരിഗണിക്കുന്നത് സർവേ നടത്താൻ അനുമതി നൽകിയ വാരണാസി കോടതിയോട് ഇടപെടരുതെന്ന് സുപ്രിംകോടതി നിർദേശിച്ചിരിക്കുകയാണ്. നാളെയാണ് സുപ്രിംകോടതി കേസ് പരിഗണിക്കുക.