ഹരിദ്വാർ വിദ്വേഷ പ്രസംഗക്കുറ്റവും ചുമത്തി; നരസിംഹാനന്ദ് റിമാൻഡിൽ

ശനിയാഴ്ച അറസ്റ്റിലായ നരസിംഹാനന്ദിനെതിരെ സ്ത്രീകളെ അധിക്ഷേപിച്ച കുറ്റത്തിനു മാത്രമായിരുന്നു കേസെടുത്തിരുന്നത്

Update: 2022-01-17 09:06 GMT
Editor : Shaheer | By : Web Desk
Advertising

ഏറെ വിമർശനങ്ങൾക്കൊടുവിൽ യതി നരസിംഹാനന്ദിനെതിരെ ഹരിദ്വാർ വിദ്വേഷപ്രസംഗക്കുറ്റവും ചുമത്തി പൊലീസ്. മുസ്‌ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനം നടത്തിയ ഹരിദ്വാർ ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നെങ്കിലും മറ്റൊരു കേസിലായിരുന്നു നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നത്. രണ്ടുദിവസം മുൻപ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയെന്ന കുറ്റം മാത്രമായിരുന്നു നേരത്തെ ചുമത്തിയിരുന്നത്.

ഇന്നലെ യതി നരസിംഹാനന്ദിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്. എന്നാൽ, റിമാൻഡ് അപേക്ഷയിൽ ധർമസൻസദ് വിദ്വേഷപ്രസംഗക്കേസും സൂചിപ്പിച്ചിട്ടുണ്ട്. കേസിൽ നേരത്തെ ഹിന്ദുമതത്തിലേക്ക് മാറിയ വസീം റിസ്‌വിയെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതി ഇടപെടലിനെത്തുടർന്നായിരുന്നു പരിപാടി നടന്ന് ആഴ്ചകൾക്കുശേഷം സംഭവത്തിൽ പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചത്. എന്നാൽ, പരിപാടിയുടെ മുഖ്യസംഘാടകനായ നരസിംഹാനന്ദിനെതിരെ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലല്ലെന്നും അറിയിച്ചു. കേസിൽ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തെ റിമാൻഡ് ചെയ്യുമെന്നും പൊലീസ് സൂചിപ്പിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ തുടരുകയാണെന്നാണ് ആദ്യം അറിയിച്ചത്.

ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനും സമ്മേളനത്തിൽ തീവ്രഹിന്ദുത്വവാദികൾ ആഹ്വാനം ചെയ്തിരുന്നു. ഡിസംബർ 17 മുതൽ 19 വരെയായിരുന്നു സമ്മേളനം. സംഭവം വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസെടുത്തു. റിസ്വിക്കും നരസിംഹാനന്ദിനും പുറമേ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അന്നപൂർണ, സിന്ധു സാഗർ, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാൻ തുടങ്ങി 10 പേർക്കെതിരെയാണ് ജ്വാലാപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News