കർഷകരോഷത്തിൽ കരിഞ്ഞ് താമര; നഷ്ടമായത് അഞ്ച് സംസ്ഥാനങ്ങളിലെ 38 മണ്ഡലങ്ങൾ

ജാർഖണ്ഡിലെ ഖുന്ദി മണ്ഡലത്തിൽ കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട 1,49,675 വോട്ടിനാണ് പരാജയപ്പെട്ടത്.

Update: 2024-06-06 10:02 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നിൽ കർഷകരുടെ പ്രതിഷേധം നിർണായകമായതായി കണക്കുകൾ. കർഷകരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ച മോദി സർക്കാരിന് 2019ൽ വിജയിച്ച പല സീറ്റുകളും ഇത്തവണ നഷ്ടമായി. കേന്ദ്ര കൃഷി, കർഷക ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ട അടക്കമുള്ളവർ പരാജയപ്പെട്ടു.

കർഷക പ്രതിഷേധം ശക്തമായ അഞ്ച് സംസ്ഥാനങ്ങളിലെ 38 സീറ്റുകളിലാണ് ബി.ജെ.പി പരാജയപ്പെട്ടത്. പടിഞ്ഞാറൻ യു.പി, പഞ്ചാബ്, ഹരിയാന, വടക്കൻ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കർഷക വോട്ടുകൾ ബി.ജെ.പിയുടെ പരാജയത്തിൽ നിർണായകമായി.

ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർഷകർ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും അവരെ അതിർത്തിയിൽ തടയുകയായിരുന്നു. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കർഷക പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടിയായെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

പടിഞ്ഞാറൻ യു.പിയിൽ മുസഫർനഗർ, സഹാറൻപൂർ, കൈരാന, നഗിന, മൊറാദാബാദ്, സാംഭൽ, രാംപൂർ, ലഖിംപൂർ മണ്ഡലങ്ങൾ ബി.ജെ.പിക്ക് നഷ്ടമായി. കേന്ദ്രമന്ത്രിയായിരുന്ന അജയ് മിശ്രയുടെ മകൻ വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊന്നുകളഞ്ഞത് ലഖിംപൂർ ഖേരിയിലായിരുന്നു.

2019ൽ പഞ്ചാബിൽ ജയിച്ച രണ്ട് സീറ്റുകളും ഇത്തവണ ബി.ജെ.പിക്ക് നഷ്ടമായി. രാജസ്ഥാനിലെ 11 സീറ്റും ഹരിയാനയിലെ അഞ്ച സീറ്റിലും ബി.ജെ.പി തോറ്റു. മഹാരാഷ്ട്രയിലെ ഉള്ളി കർഷകരുടെ മേഖലയിലുള്ള 13 സീറ്റിൽ 12ലും ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടു.

സ്വാമിനാഥൻ കമ്മീഷൻ ശിപാർശ പ്രകാരം വിളകൾക്ക് നിയമപരമായി താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് വർഷമായി കർഷകർ പ്രതിഷേധിക്കുകയാണ്. കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നും വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കണം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മഹാരാഷ്ട്രയിൽ ആഭ്യന്തരവിപണിയിൽ ഉള്ളിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2023ൽ ആദ്യം ഉള്ളി കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും പിന്നീട് നിരോധിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ ഉള്ളി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ 14 മണ്ഡലങ്ങളിൽ ഉള്ള കർഷകരുടെ വോട്ട് നിർണായകമാണ്. ഉള്ളി കയറ്റുമതി നിരോധിച്ചതിനെതിരെ കർഷകർ പ്രതിഷേധിച്ചെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു.

ഉള്ളി കർഷകർക്കും വ്യാപാരികൾക്കും എതിരായ നയങ്ങളുടെ പരമ്പരയാണ് സർക്കാർ നടപ്പാക്കിയതെന്ന് ഒനിയൻ ട്രേഡേഴ്‌സ് അസോസിയേഷൻ നാസിക് ജില്ലാ പ്രസിഡന്റ് ഖന്ദു കാക ദേവ്‌റെ പറഞ്ഞു. സർക്കാർ നയങ്ങൾ വിലത്തകർച്ചക്ക് കാരണമാവുകയും അത് വ്യാപാരികളെയും കർഷകരെയും തകർക്കുകയും ചെയ്തു. കർഷകരോഷം ഇപ്പോഴും ശമിച്ചിട്ടില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സർക്കാരിന് തിരിച്ചിടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News