മഹാരാഷ്ട്ര സസ്പെന്‍സ്; ബിജെപി നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനും നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ഷിന്‍ഡെ
മഹായുതിയുടെ മൂന്ന് സഖ്യകക്ഷികൾക്കും നല്ല ധാരണയുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു
മുംബൈ: മഹാരാഷ്ട്രയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേല്‍ക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ നേരത്തെ ഇതിനെ സംബന്ധിച്ചുളള സൂചന നൽകിയിരുന്നു. പുതിയ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ഇന്നും നാളെയുമായി നടത്താനിരിക്കയാണ് ഫഡ്‌നാവിസ് സ്ഥാനമേൽക്കും എന്നുളള റിപ്പോർട്ടുകൾ പുറത്തെത്തുന്നത്. മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കും.
ബിജെപി നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനും താൻ ഇതിനകം നിരുപാധിക പിന്തുണ നൽകിയിട്ടുണ്ടെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് സത്താറയിലെ സ്വന്തം ഗ്രാമത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ അദ്ദേഹം അറിയിച്ചു. “പാർട്ടി നേതൃത്വത്തിന് ഞാൻ നിരുപാധിക പിന്തുണ നൽകിക്കഴിഞ്ഞു, അവരുടെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കും,” മഹായുതി നേതാക്കൾ തമ്മിലുള്ള ഐക്യം ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ആവര്‍ത്തിച്ചു. മഹായുതിയുടെ മൂന്ന് സഖ്യകക്ഷികൾക്കും നല്ല ധാരണയുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച മുംബൈയിൽ നടന്ന മഹായുതി നേതാക്കളുടെ നിർണായക യോഗം റദ്ദാക്കിയ ശേഷം ശിവസേന നേതാവ് സ്വന്തം ഗ്രാമമായ ഡെയർ താംബിലേക്ക് പോയിരുന്നു. എന്നാൽ, അസുഖത്തെ തുടർന്നാണ് ഷിൻഡെ സ്വന്തം പട്ടണത്തിലേക്ക് പോയതെന്ന് പാർട്ടി പിന്നീട് വ്യക്തമാക്കി. "എനിക്ക് ഇപ്പോൾ സുഖം തോന്നുന്നുണ്ട്. തിരക്കിട്ട തെരഞ്ഞെടുപ്പ് സമയക്രമത്തിന് ശേഷം വിശ്രമിക്കാനാണ് ഞാൻ ഇവിടെ വന്നത്. മുഖ്യമന്ത്രിയായിരുന്ന 2.5 വർഷം ഞാൻ അവധിയൊന്നും എടുത്തിട്ടില്ല. ആളുകൾ ഇപ്പോഴും എന്നെ സന്ദർശിക്കുന്നുണ്ട്. ഈ സർക്കാർ ജനങ്ങൾ പറയുന്നത് കേൾക്കും," അദ്ദേഹം പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധ, പനി, ബലഹീനത എന്നിവയാൽ ഷിൻഡെ ബുദ്ധിമുട്ടുന്നതായും രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.
നിയമസഭാ തംരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റുകൾ നേടിയാണ് ഭരണ സഖ്യം തൂത്തുവാരിയത്. 132 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും യഥാക്രമം 57, 41 സീറ്റുകൾ നേടിയിരുന്നു. പുതിയ മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്നും ശിവസേനയിൽ നിന്നും എൻസിപിയിൽ നിന്നുമായി രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും എൻസിപി നേതാവ് അജിത് പവാർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.