ഭരണഘടനയെക്കുറിച്ച് പാർലമെന്റ് ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ
13, 14 തീയതികളില്‍ ലോക്‌സഭയിലും 16, 17 തീയതികളിൽ രാജ്യസഭയിലും ചര്‍ച്ച ചെയ്യും
Update: 2024-12-02 12:13 GMT
ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴങ്ങി കേന്ദ്ര സർക്കാർ. ഡിസംബർ 13, 14 തീയതികളില്‍ ലോക്‌സഭയിലും 16, 17 തീയതികളിൽ രാജ്യസഭയിലും ചര്‍ച്ച ചെയ്യും.
പ്രതിപക്ഷ എംപിമാരുടെ ആവശ്യത്തെ തുടർന്നാണ് ചര്‍ച്ച. ഭരണഘടനാ നിർമാണ സഭ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഇരുസഭകളിലും ചർച്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
പാർലമെന്റ് സ്തംഭിക്കുന്ന അവസ്ഥ ഒഴിവാക്കാൻ പ്രതിപക്ഷ പാർട്ടികളും ബിജെപിയും തിങ്കളാഴ്ച ധാരണയിലെത്തിയിട്ടുണ്ട്. ലോക്സഭയും രാജ്യസഭയും ചൊവ്വാഴ്ച മുതൽ സുഗമമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. വിവിധ പാർട്ടി നേതാക്കളുടെ യോഗം ലോക്സഭാ സ്പീക്കർ ഓം ബിർള തിങ്കളാഴ്ച വിളിച്ചുചേർത്തിരുന്നു.