‘ബ്ലാക്ക്മെയിൽ ചെയ്യാൻ അനുവദിക്കില്ല’; അദാനിയിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില കുറയ്ക്കാൻ ബംഗ്ലാദേശ്
2017ലാണ് 25 വർഷത്തേക്ക് കരാറിൽ ഒപ്പിട്ടത്
ന്യൂഡൽഹി: അദാനി പവറിൽനിന്ന് വിലകുറച്ച് വൈദ്യുതി വാങ്ങാൻ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോർട്ട്. 2017ൽ 25 വർഷത്തേക്കാണ് കരാറിൽ ഒപ്പിട്ടിട്ടുള്ളത്. കരാറിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനാൽ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കോടതി കരാർ റദ്ദാക്കിയില്ലെങ്കിൽ ബംഗ്ലാദേശ് അധികൃതർ വൈദ്യുതിയുടെ നിരക്ക് കുറയ്ക്കാൻ അദാനി പവറിനോട് ആവശ്യപ്പെടുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ വവിധ പദ്ധതികൾക്കായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ച് അമേരിക്കയിൽ ഗൗതം അദാനി അടക്കമുള്ളവർക്കെതിരെ അമേരിക്കൻ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് തങ്ങളുടെ കരാർ പുനഃപരിശോധിക്കുന്നത്. കൂടാതെ ഫ്രാൻസിന്റെ ടോട്ടൽ എനർജീസിന് അദാനി ഗ്രൂപ്പിലെ നിക്ഷേപം താൽക്കാലികമായി നിർത്തിയിട്ടുണ്ട്. കെനിയ അദാനി ഗ്രൂപ്പുമായുള്ള വികസന പദ്ധതികളും റദ്ദാക്കി. രാജ്യത്തെ പ്രധാന എയർപോർട്ടിെൻറ വികസനം, ഊർജ മന്ത്രാലയവുമായുള്ള 700 മില്യൺ ഡോളറിെൻറ കരാർ എന്നിവയാണ് റദ്ദാക്കിയത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ 33 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികൾക്ക് ഉണ്ടായിട്ടുള്ളത്.
‘അഴിമതി, കൈക്കൂലി എന്നിവ കണ്ടെത്തിയാൽ കരാർ റദ്ദാക്കും’
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഏഴ് പ്രധാന വൈദ്യുതി പദ്ധതികളെക്കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ അദാനി ഗ്രൂപ്പുമായുള്ള ബിഐഎഫ്സിഎൽ 1234.4 മെഗാവാട്ടിന്റെ കൽക്കരി പദ്ധതിയുമുണ്ട്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അദാനിയുമാണ് 2017ൽ കരാറിൽ ഒപ്പിട്ടത്. ഈ കരാർ സംബന്ധിച്ച് പരിശോധിക്കാൻ ഹൈക്കോടതി വിദഗ്ധ സമിതിയോട് നിർദേശിച്ചിട്ടുണ്ട്.
കരാർ പ്രകാരം ജാർഖണ്ഡിലെ ഗോഡ്ഡയിൽനിന്നാണ് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ബംഗ്ലാദേശിൽ എത്തിക്കുന്നത്. ബംഗ്ലാദേശിന്റെ വൈദ്യുതി ആവശ്യത്തിന്റെ 10 ശതമാനം ഇതുവഴി നിറവേറ്റാനാകുമെന്നാണ് റിപ്പോർട്ട്.
‘കരാറിൽ അപാകത കണ്ടെത്തിയാൽ വീണ്ടും ചർച്ചകൾ നടത്തും. അഴിമതി, കൈക്കൂലി തുടങ്ങിയവ ഉണ്ടെങ്കിൽ മാത്രമേ കരാർ റദ്ദാക്കൂ. കോടതി ഉത്തരവിട്ട അന്വേഷണത്തിലാണ് ഇവ കണ്ടെത്താനാവുക’ -ബംഗ്ലാദേശിലെ പവർ ആൻഡ് എനർജി ഉപദേശകൻ മുഹമ്മദ് ഫൗസൽ കബീർ ഖാൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
കരാറുമായി ബന്ധപ്പെട്ട് ഇതിനോടകം ചില പ്രശ്നങ്ങൾ ബംഗ്ലാദേശ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നികുതി ഇനത്തിൽ ചില ഇളവുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ, അതിന്റെ ഗുണം ബംഗ്ലാദേശിന് ലഭിക്കുന്നില്ല. ഇത് പുനരാലോചനക്ക് കാരണമാകുമെന്നും കബീർ ഖാൻ വ്യക്തമാക്കി. കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് 2023ൽ ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡ് അദാനി പവറിന് കത്തെഴുതിയിരുന്നു.
അമേരിക്കയിലെ കുറ്റപത്രം ബംഗ്ലാദേശുമായുള്ള ഇടപാടിനെ ബാധിക്കില്ലെന്നും കബീർ പറയുന്നു. വളരെ കൂടിയ വിലക്കാണ് വൈദ്യുതി വാങ്ങുന്നത്. അതിനാൽ സർക്കാർ സബ്സിഡി നൽകേണ്ട അവസ്ഥയാണ്. അദാനിയിൽനിന്നടക്കമുള്ള വൈദ്യുതിയുടെ വില കുറയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2022-23 സാമ്പത്തിക വർഷം ഒരു യൂനിറ്റിന്ന് 14.02 ടാക്കയാണ് അദാനി ഗ്രൂപ്പ് ഈടാക്കിയത്. ഇന്ത്യയിൽനിന്നുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
‘അദാനി അവരുടെ വിതരണം പകുതിയായി വെട്ടിക്കുറച്ചപ്പോൾ ഒന്നും സംഭവിച്ചില്ല. രാജ്യത്തിന് സ്വയം വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഒരു വൈദ്യുതി ഉൽപ്പാദക കമ്പനിയെയും ഞങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാൻ അനുവദിക്കില്ല’- കബീർ ഖാൻ വ്യക്തമാക്കി.
അദാനിക്ക് ലഭിക്കാനുള്ളത് കോടികൾ
അതേസമയം, തങ്ങളുമായുള്ള കരാർ പുനരാലോചിക്കുമെന്ന വിവരം ബംഗ്ലാദേശിൽനിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദാനി പവർ അറിയിച്ചു. ബംഗ്ലാദേശിൽനിന്ന് 800 മില്യൺ ഡോളറിലധികം കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ആഗസ്റ്റിൽ 1500 മെഗാവാട്ട് വരെ നൽകിയിരുന്നു. ഇപ്പോൾ 700 മെഗാവാട്ടാണ് നൽകുന്നത്. കുടിശ്ശിക വർധിക്കുകയാണെങ്കിലും ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്നത് തുടരുകയാണ്. ഇത് ആശങ്കാജനകമാണെന്നും പ്ലാന്റിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദാനി പവറിന്റെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.