മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ നടത്താനാവാതെ മഹായുതി സഖ്യം
അതേസമയം ബിജെപിയുടെ നിർണായക പാർലമെന്‍ററി പാർട്ടിയോഗം ഇന്നു ചേരും
മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സത്യപ്രതിജ്ഞ നടത്താനാവാതെ മഹായുതി സഖ്യം. ഏകനാഥ് ഷിൻഡേ മഹായുതി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകാൻ കാരണം. അതേസമയം ബിജെപിയുടെ നിർണായക പാർലമെന്‍ററി പാർട്ടിയോഗം ഇന്നു ചേരും.
മഹാരാഷ്ട്രയിൽ ഫലപ്രഖ്യാപനം കഴിഞ്ഞു 9 ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമായിട്ടില്ല.നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡയെ തഴഞ്ഞ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പേര് മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സത്യപ്രതിജ്ഞ വൈകുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തെയും പ്രതിസന്ധിയിൽ ആക്കുകയാണ്. മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ചില്ലെങ്കിൽ മകനെ ഉപമുഖ്യമന്ത്രിയാക്കുകയും ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെ സുപ്രധാനവകുപ്പുകൾ നൽകണമെന്നുമാണ് ഷിൻഡേയുടെ ഡിമാൻഡ്. ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിൽ നിന്നും മന്ത്രിയെ പിൻവലിക്കുമെന്ന് ഷിൻഡെ ഭീഷണിയും മുഴക്കിയിരുന്നു.
നിലവിൽ കേവല ഭൂരിപക്ഷം ഇല്ലാത്ത നരേന്ദ്ര മോദി സർക്കാരിന് ഷിൻഡേ വിഭാഗത്തിന്‍റെ 7 എംപിമാർ ഏറെ നിർണായകമാണ്. അനുനയ നീക്കങ്ങൾ ബിജെപി കേന്ദ്രനേതൃത്വം ആരംഭിച്ചങ്കിലും വഴങ്ങാൻ ഷിൻഡേ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുംബൈയിലെത്തിയ ഷിൻഡേ ജന്മനാട്ടിലേക്ക് പോയി മുംബൈയിൽ തിരിച്ചെത്തിയെങ്കിലും മഹായുതി യോഗങ്ങൾ നടന്നിട്ടില്ല. അതിനിടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ബിജെപിയുടെ നിർണായക പാർലമെന്‍ററി പാർട്ടിയോഗം ഇന്ന് ചേർന്നേക്കും. അതേസമയം സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ ഉണ്ടാകും എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.