കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് പിഞ്ചുസഹോദരിയുടെ സ്‌നേഹപ്രകടനം; കാബൂളിൽ നിന്ന് ഇന്ത്യയിലെത്തിയവരുടെ ഹൃദയസ്പർശിയായ വീഡിയോ

സംഘര്‍ഷഭരിതമായ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം

Update: 2021-08-22 12:59 GMT
Advertising

അഫ്ഗാനിൽ കുടുങ്ങിയ 167 പേരുമായി ഇന്ന് രാവിലെയാണ് ഗാസിയാബാദിലെ ഹിന്റൺ എയർബസിൽ  വ്യോമസേനയുടെ സി 17 വിമാനം എത്തിയത്. ഇതിനിടെ വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ കാമറയിൽ പതിഞ്ഞ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെ തുടർച്ചയായി ചുംബിക്കുന്ന പിഞ്ചുസഹോദരിയുടെ ദൃശ്യങ്ങളാണിത്. 

സംഘര്‍ഷഭരിതമായ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. കഴിഞ്ഞ ഏഴ് ദിവസത്തെ മാനസികവും ശരീരികവുമായ സമ്മർദ്ദത്തെക്കുറിച്ച് ഒരു സ്ത്രീ സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം.

അഫ്ഗാനിൽ നിന്ന് 390 ഇന്ത്യക്കാരാണ് ഇന്ന് നാട്ടിലെത്തിയത്. ഇതിൽ 50 പേര്‍ മലയാളികളാണ്. കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി വ്യോമസേനാ വിമാനങ്ങൾക്ക് പുറമെ രണ്ട് വിമാനങ്ങൾ കൂടി സർവീസ് നടത്തും. അഫ്ഗാനിൽ നിന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയാണ് ഇന്ത്യ. 135 ഇന്ത്യക്കാരെ ഇന്നലെ ദോഹ വഴിയാണ് ഡൽഹിയിൽ തിരികെയെത്തിച്ചത്. 87 ഇന്ത്യക്കാർ ഇന്നലെ തജകിസ്ഥാൻ വഴിയും തിരികെയെത്തി.

കഴിഞ്ഞ 20 വർഷമായി ഉണ്ടാക്കിയതെല്ലാം നഷ്ടമായെന്ന് അഫ്ഗാനിസ്ഥാൻ എം പി നരേന്ദ്രർ സിങ് ഖൽസ പറഞ്ഞു. കാബൂളിലേക്ക് വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് നിലവിൽ സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രമം. 500 ഇന്ത്യക്കാർ ഇനിയും അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News