രാജ്യത്ത് കൊടുംചൂട് തുടരുന്നു; ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 150 കടന്നു

കനത്ത ചൂടിൽ ഉത്തർപ്രദേശിൽ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു

Update: 2024-06-02 12:58 GMT
Advertising

ന്യൂഡൽഹി: രാജ്യത്ത് അത്യുഷ്ണം തുടരുന്നു. ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം തുടരുന്നത്.

ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത് ഒഡീഷയിലാണ്. ചൂട് കാരണം 96 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മൂന്ന് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡൽഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതിൽ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളിൽ തുടരുകയാണ്. അതേസമയം ഡൽഹിയിലെ കുടിവെള്ളക്ഷാമത്തിന് ഇന്നും പരിഹാരമായിട്ടില്ല.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News