'ലോക്‌സഭയിലെ ചൂട് കൂടും'; മുന്നറിയിപ്പുമായി കോൺ​ഗ്രസ്

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24നാണ് ആരംഭിക്കുന്നത്

Update: 2024-06-18 16:00 GMT
Advertising

ന്യൂഡൽ​ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് മുന്നറിയിപ്പുമായി കോൺ​ഗ്രസ്. മുമ്പുണ്ടായിരുന്നത് പോലെ പാർലമെൻ്റ് ഏകാധിപത്യപരമായി പ്രവർത്തിക്കില്ലെന്ന് കോൺ​ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ശക്തമായൊരു പാർലമെൻ്റ് സമ്മേളനത്തെക്കുറിച്ചുള്ള സൂചനയാണ് ഇന്ന് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ശ്രീനേറ്റ് നൽകിയത്.

മികച്ച പ്രഭാഷകരായ ഇൻഡ്യാ മുന്നണിയിലെ നിരവധി വലിയ നേതാക്കൾ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനാൽ തനിക്ക് ബിജെപിയോട് സഹതാപമാണെന്ന് അവർ പറഞ്ഞു.

പ്രതിപക്ഷം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അവർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ 99 ലോക്‌സഭാ സീറ്റുകളാണ് കോൺഗ്രസ് നേടിയത്. കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യാ മുന്നണി 234 ലോക്‌സഭാ സീറ്റുകൾ നേടി.

240 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിന് 32 സീറ്റുകളുടെ കുറവുണ്ടായി. ജെഡിയു, ടിഡിപി തുടങ്ങിയ പാർട്ടികളെ ആശ്രയിച്ചാണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്.

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ 3-ന് അവസാനിക്കും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News