കോവിഡ് വ്യാപനം തടയാൻ പ്രതിരോധം ശക്തമാക്കുന്നു; ഇന്ന് മുതൽ ജില്ലാതലങ്ങളിൽ യോഗം
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്
ഡല്‍ഹി:രാജ്യത്തെ കോവിഡ് വ്യാപനം നേരിടാൻ ജില്ല അടിസ്ഥാനത്തിൽ യോഗം ഇന്ന് മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ അടക്കം യോഗത്തിൽ പങ്കെടുക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിർദേശം. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന തുടരുന്ന പശ്ചത്തലത്തിലാണ് യോഗം വിളിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാന തലത്തിൽ മോക്ഡ്രിൽ സംഘടിപ്പിക്കും. ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്താനാണ് സാധ്യത. മഹാരാഷ്ട്രയിൽ മാത്രം പുതിയ 926 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ 24 മണിക്കൂറിനിടെ 6,050 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.6050 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 28303 ആയി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനം ആണ്. മുംബൈ, ഡൽഹി എന്നിങ്ങനെയുള്ള നഗര മേഖലയിൽ ആണ് രോഗ വ്യാപനം ശക്തമാകുന്നത്. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ മാത്രം എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിക്കപ്പെടുന്നവരിൽ 60 ശതമാനം പേരിലും ഒമിക്രോൺ വകഭേദമായ എക്സ്ബിബി വൺ വൈറസിൻ്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രഹര ശേഷി കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദമാണ് ഇത്.