അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ്; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന തീരുമാനത്തിലുറച്ച് അമരീന്ദര്‍
പാര്‍ട്ടിയില്‍ താന്‍ അപമാനിതന്‍ ആയിട്ടില്ലെന്ന ഹരീഷ് റാവത്തിന്റെ പ്രസ്താവനയും അമരീന്ദര്‍ സിങ്ങ് തള്ളി
പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി ഹൈക്കമാന്‍ഡ്. അമരീന്ദര്‍ സിങുമായ അനുനയ ചര്‍ച്ചകള്‍ നടത്തുന്ന കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം, പാര്‍ട്ടി വിട്ട നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമരീന്ദര്‍. കോണ്‍ഗ്രസില്‍ നിന്നാരും തന്നെ അനുനയിപ്പിക്കാന്‍ വരേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ താന്‍ അപമാനിതന്‍ ആയിട്ടില്ലെന്ന ഹരീഷ് റാവത്തിന്റെ പ്രസ്താവനയും അമരീന്ദര്‍ സിങ്ങ് തള്ളി.
പഞ്ചാബ് വികാസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകാനാണ് അമരീന്ദറിന്റെ തീരുമാനം. തന്നെ അനുകൂലിക്കുന്ന എംഎല്‍എ മാരുടെയും നേതാക്കളുടെയും യോഗം അദ്ദേഹം ഉടന്‍ വിളിച്ചു ചേര്‍ക്കും .25 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അമരീന്ദര്‍ ക്യാമ്പിന്റെ അവകാശവാദം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ചിത്ത് ചിങ് ചന്നിയുമായി സമവായ ചര്‍ച്ച നടത്തിയെങ്കിലും നവജ്യോത് സിങ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച തീരുമാനം പിന്‍വലിച്ചിട്ടില്ല.
കര്‍ഷക സമരത്തില്‍ സമവായമുണ്ടാക്കി പഞ്ചാബില്‍ കാല്‍ ഉറപ്പിക്കാനാണ് അമരീന്ദറിന്റെ ശ്രമം അതിന്റെ ഭാഗമായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും. അമരീന്ദര്‍ പോകുന്നത് പഞ്ചാബില്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തല്‍ ഹൈക്കമാന്റിനില്ല. സര്‍വെ ഫലങ്ങളില്‍ അമരീന്ദറിന് ജനപ്രീതി ഇടിഞ്ഞുവെന്നതാണ് ഇതിന് കാരണം. എന്നാല്‍ അമരീന്ദറിന് പിറകെ സിദ്ദുവും പാര്‍ട്ടി വിട്ടേക്കാമെന്ന വിലയിരുത്തലിലാണ് പഞ്ചാബ് മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കി ഹൈക്കമാന്റ് ആ നീക്കത്തിന് തടയിട്ടത്. അതേസമയം പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച നവജ്യോത് സിങ് സിദ്ദു മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒക്ടോബര്‍ നാലിന് മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാകും. മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും ചില മാറ്റങ്ങള്‍ വേണമെന്നാണ് സിദ്ദുവിന്റെ ആവശ്യം സര്‍ക്കാരും പാര്‍ട്ടിയും ഒരുമിച്ച് കൂടിയാലോചന നടത്തി മുന്നോട്ടു പോകണമെന്നും സിദ്ദു ആവശ്യപ്പെട്ടതായാണ് വിവരം.
സമവായത്തിന്റെ ഭാഗമായി ഇതിലെ ചില കാര്യങ്ങള്‍ തിങ്കളാഴ്ചയിലെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. Amarinder Singh preparing to new partyകോണ്‍ഗ്രസിലെ തിരുത്തല്‍ വാദി നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് എ.ഐ.സി. സി വൃത്തങ്ങള്‍ അറിയിച്ചു. വിമര്‍ശനം ഉയര്‍ത്തിയ നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം രംഗത്തു വന്നു. പാര്‍ട്ടി വേദികളില്‍ അര്‍ഥപൂര്‍ണമായ സംഭാഷണങ്ങള്‍ നടക്കാത്തത്തില്‍ നിസ്സഹായത തോന്നുന്നുവെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.