ഹിജാബ് നിരോധനം; കർണാടകയിൽ രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ നൂറുകണക്കിന് വിദ്യാർഥികൾ
ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാർഥിനികളിൽ രണ്ട് പേര്‍ ഇന്നലെ പരീക്ഷ എഴുതാതെ മടങ്ങി
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കർണാടകയിൽ രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനാവാതെ പതിനായിരത്തിലേറെ വിദ്യാർഥികൾ. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് വിദ്യാർഥിനികളും പരീക്ഷ എഴുതാതെ മടങ്ങി.
ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാർഥിനികളിൽ വെള്ളിയാഴ്ച പരീക്ഷയുണ്ടായിരുന്ന ആലിയ അസ്സാദിയും രേഷാമുമാണ് വെള്ളിയാഴ്ച പരീക്ഷ എഴുതാതെ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് മടങ്ങിയത്. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് വിദ്യാർഥിനികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ തുടർന്നാണ് പരീക്ഷ ബഹിഷ്കരിച്ചത്.
വെള്ളിയാഴ്ചയാണ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങിയത്. മെയ് 18ന് പരീക്ഷ അവസാനിക്കും. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് വിദ്യാർഥികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ആദ്യദിനം പരീക്ഷയുണ്ടായിരുന്ന 2,38,764 പേരിൽ 11,311 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായില്ല. 1076 കേന്ദ്രങ്ങളിലായി 6,84,255 വിദ്യാർഥികളാണ് കർണാടകയിൽ രണ്ടാം വർഷ പി.യു പരീക്ഷ എഴുതുന്നത്. ഇതിൽ 3,37,319 പെൺകുട്ടികളാണ്.
Hijab ban; Hundreds of students fail to appear for second year pre-university exams in Karnataka