കോളേജുകളിലെ ഹിജാബ് വിലക്ക് സ്ത്രീ-വിദ്യാർത്ഥി വിരുദ്ധ നടപടി: എസ്.എഫ്.ഐ

മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാക്കുന്ന നടപടി മതേതരത്വത്തിനുനേരെയുള്ള ധിക്കാരപരമായ ആക്രമണമാണെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും കുറ്റപ്പെടുത്തി

Update: 2022-02-05 15:27 GMT
Editor : Shaheer | By : Web Desk
Advertising

കർണാടകയിലെ സർക്കാർ കോളേജുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് എസ്.എഫ്.ഐ ദേശീയ കമ്മിറ്റി. ഹിജാബ് ധരിച്ച മുസ്‌ലിം പെൺകുട്ടികൾക്ക് കോളേജിൽ വിലക്കേർപ്പെടുത്താനുള്ള നീക്കം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ദേശീയ പ്രസിഡന്റ് വി.പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും വാർത്താകുറിപ്പിൽ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയുള്ള സർക്കാർ മാർഗനിർദേശങ്ങൾ പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തലമറച്ചതിന്റെ പേരിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ച കോളേജ് അധികൃതരുടെ നടപടി ക്രൂരമാണ്. ഒന്നുകിൽ വിദ്യാഭ്യാസം അല്ലെങ്കിൽ മതാനുഷ്ഠാനമെന്ന നിലയ്ക്ക് കുട്ടികളെ നിർബന്ധിക്കുന്നത് അപലപനീയമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും കുറഞ്ഞ മുസ്‌ലിം വനിതാ പ്രാതിനിധ്യമുള്ള രാജ്യത്താണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയതെന്നത് പ്രധാനമാണ്. കൂടുതൽ പെൺകുട്ടികളെ സ്‌കൂളിൽനിന്നും കോളേജിൽനിന്നും പുറന്തള്ളുന്ന സർക്കാരിന്റെയും കോളേജ് അധികൃതരുടെയും നടപടി സാഹചര്യം കൂടുതൽ ഗുരുതരമാക്കുകയേയുള്ളൂ-നേതാക്കൾ അഭിപ്രായപ്പെട്ടു.

Full View

''മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതരത്വത്തിനുനേരെയുള്ള ധാർഷ്ട്യം നിറഞ്ഞ ആക്രമണമാണ്. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളോടും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയുള്ള സർക്കാർ മാർഗനിർദേശങ്ങൾ പിൻവലിക്കണം.''

സ്‌കൂളിലേക്ക് കാവിഷാൾ ധരിച്ചെത്തിയ എ.ബി.വി.പി പ്രവർത്തകരുടെ നടപടിയെ പ്രതിരോധിച്ച വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന്റെ നിലപാടും അപലപനീയമാണ്. സർക്കാർ നിലപാട് സ്ത്രീവിരുദ്ധവും വിദ്യാർത്ഥിവിരുദ്ധവുമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മതാനുഷ്ഠാനങ്ങൾക്കായുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന എല്ലാ മുസ്‌ലിം വിദ്യാർത്ഥിനികൾക്കും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നതായും എസ്.എഫ്.ഐ ദേശീയ നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News