ഹിജാബ് കേസ്: ഇടക്കാല വിധിയില്ല, കേസ് വിശാല ബഞ്ചിനു വിട്ട് കർണാടക ഹൈക്കോടതി
ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഉത്തരവിൽ വ്യക്തമാക്കി
ബംഗളൂരു: സംസ്ഥാനത്തെ ചില വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കാതെ കർണാടക ഹൈക്കോടതി. വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിൾ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവിൽ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവരാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. ഹിജാബ് യൂണിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കർണാടക സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചു. കോളജ് അധികൃതർ നിർദേശിക്കുന്ന യൂണിഫോമിലാണ് വിദ്യാർത്ഥികൾ വരേണ്ടത് എന്നും ഇടക്കാല വിധി പുറപ്പെടുവിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിധിക്കു പിന്നാലെ ബംഗളൂരുവിലെ കോളജുകളിലും സ്‌കൂളുകളിലും സർക്കാർ പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ചു. വിദ്യാലയങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ രണ്ടാഴ്ചത്തേക്കാണ് നിരോധനം.
ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർത്ഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗി കർണാടക സർക്കാരിനു വേണ്ടിയും വാദങ്ങൾ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതി കേസില്‍ വിശദമായി വാദം കേട്ടിരുന്നു.
ചില രാജ്യങ്ങൾ നിഷേധസ്വഭാവത്തിലുള്ള മതേതരത്വമാണ് പിന്തുടരുന്നത്. പൊതുസ്ഥലത്ത് മതസ്വത്വം പ്രദർശിപ്പിക്കാൻ അവിടങ്ങളിൽ അനുവാദമില്ല. എന്നാൽ, ഇന്ത്യയിലെ മതേതരത്വം അങ്ങനെയല്ല. ഉൾക്കൊള്ളലിന്റെ, പരസ്പര ബഹുമാനത്തിന്റെ മതേതരത്വമാണ് നമ്മുടേത്. എല്ലാ മതങ്ങളെയും രാജ്യം ബഹുമാനിക്കുന്നുണ്ട്-വാദം അവതരിപ്പിച്ച് ദേവ്ദത്ത് കാമത്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഈ കുട്ടികൾക്ക് സമാധാനപരമായും സുരക്ഷിതമായും കോളജുകളിൽ പോകാനുള്ള സാഹചര്യമൊരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കാമത്ത് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള ഹരജിക്കാർ ഒരുതരത്തിലുമുള്ള പ്രതിഷേധം നടത്തില്ല. എന്നാൽ, അവർക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ അതിനു തയാറാകുമോ?
സിഖ് മതവിശ്വാസികളുടെ കാര്യത്തിൽ ഇന്ത്യയിൽ മാത്രമല്ല കാനഡയിലെയും ബ്രിട്ടനിലെയും കോടതികളടക്കം അനിവാര്യമായ മതാചരണ(ഇ.ആർ.പി)ത്തിനുള്ള പ്രത്യേക അനുമതി നൽകിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉഡുപ്പിയിൽനിന്ന് തുടങ്ങിയ വിലക്ക്
ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പി.യു കോളജിലാണ് കഴിഞ്ഞ മാസം ഹിജാബ് വിലക്ക് ഏർപ്പെടുത്തി മാനേജ്മെന്റ് ഉത്തരവിറക്കിയത്. വിദ്യാർഥികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു സംഘ്പരിവാർ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. ഇതിനുപിന്നാലെ കൂടുതൽ കോളജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇതോടെ കൂടുതൽ കോളജുകളിൽ ഹിജാബിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
കുന്ദാപുരയിലെ ഗവൺമെന്റ് പ്രീ-യൂനിവേഴ്സിറ്റി കോളജിൽ തുടർച്ചയായ ദിവസങ്ങളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഗെയ്റ്റിനുപുറത്ത് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ വീണ്ടും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രത്യേക അധികൃതർ ക്ലാസുമുറികളിൽ ഇരുത്തി. ഇവർക്ക് ക്ലാസുകളിൽ പങ്കെടുക്കാനുമായില്ല. പരീക്ഷകൾക്ക് രണ്ടുദിവസം മാത്രമാണ് ബാക്കിനിൽക്കുന്നതെന്നും ക്ലാസിൽ കയറാൻ അനുവദിക്കണമെന്നും പ്രിൻസിപ്പലിനോട് വിദ്യാർഥിനികൾ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.
കുന്ദാപുരയിലെ കലവറ വരദരാജ് എം ഷെട്ടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ വീട്ടിലേക്ക് അയച്ചു. ''ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പ്രവേശിക്കാൻ ഉപദേശിച്ചെങ്കിലും അവർ നിരസിച്ചു. അതിനാൽ ഞങ്ങൾ അവരോട് പോകാൻ ആവശ്യപ്പെട്ടു. നാളെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കാൻ അവരോട് അഭ്യർത്ഥിച്ചിരുന്നു''- വൈസ് പ്രിൻസിപ്പൽ ഉഷാദേവി പറഞ്ഞു.
വിജയപുര ജില്ലയിലെ ശാന്തേശ്വര പി.യു, ജി.ആർ.ബി കോളജ് എന്നിവിടങ്ങളിൽ നിരവധി വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഒടുവിൽ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചു.
സ്‌കൂളിലും കോളജിലും യൂനിഫോം നിർബന്ധമാക്കി കർണാടക സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. കർണാടകയിലെ കാംപസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്‌കൂളുകളിലും യൂനിഫോം നിർബന്ധമാക്കിയത്.
കാവിഷാൾ-നീലഷാൾ പ്രതിഷേധങ്ങൾ
ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ പ്രതിഷേധവും ശക്തമായി. ഇതോടൊപ്പം ഹിജാബ് വിലക്ക് ആവശ്യപ്പെട്ട് എ.ബി.വി.പി അടക്കമുള്ള സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കാവിഷാൾ ധരിച്ച് കാംപസുകളിൽ വലിയതോതിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു. പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ഇവർ ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ ഹിജാബിന് പിന്തുണയുമായി വിവിധ സംഘടനകൾ രംഗത്തെത്തി. ഭീം ആർമി അടക്കമുള്ള ദലിത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ജയ്ഭീം മുദ്രാവാക്യം ഉയർത്തിയും കാവിഷാളിനു ബദലായി നീലഷാൾ ധരിച്ചുമെല്ലാം പ്രകടനങ്ങൾ നടന്നു. ഇതോടെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് സ്ഥിതിഗതികളെത്തി. ഹിജാബിന് പിന്തുണ നൽകി മുസ്ലിം വിദ്യാർഥികളോടൊപ്പം മറ്റ് വിദ്യാർഥികളും ഹിജാബ് ധരിച്ച് കോളേജിലെത്തി.