പരീക്ഷാ ഹാളിൽ ഹിജാബ് അനുവദിക്കില്ല; നിരോധനത്തിന് ശേഷം മുസ്‌ലിം വിദ്യാർഥികളുടെ എണ്ണം കൂടി: കർണാടക മന്ത്രി
ഹിജാബ് കേസ് പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ മാർച്ച് ഒമ്പതിന് തുടങ്ങുന്ന പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ യൂണിഫോം ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും ബി.സി നാഗേഷ് പറഞ്ഞു.
ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്‌ലിം പെൺകുട്ടികളുടെ എണ്ണം വർധിച്ചെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഹിജാബ് ധരിച്ച് പഠനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
കേസ് പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും വിദ്യാർഥികൾക്ക് ഒരു അധ്യയന വർഷം കൂടി നഷ്ടമാവുന്ന അവസ്ഥയാണെന്നും അഭിഭാഷകനായ ശദാൻ ഫരാസത് ഉണർത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
പരീക്ഷ അടുത്തതോടെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് വിദ്യാഭ്യാസ ഓഫീസുകളിൽ ലഭിക്കുന്നത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും ന്യൂനപക്ഷ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഹിജാബ് ധരിച്ചാണ് കാമ്പസിലെത്തുന്നത്. പരീക്ഷാ ഹാളിലും ഈ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ സമീപിക്കുന്നതായി ദക്ഷിണ കന്നഡയിലെ ഒരു വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.