ഹിമാചൽ പ്രദേശില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
നവംബര്‍ 12നാണ് 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
ഷിംല: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാന ദിനത്തിൽ വാശിയേറിയ പ്രചാരണവുമായാണ് പാർട്ടികൾ മത്സര രംഗത്തുള്ളത്. നവംബര്‍ 12നാണ് 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
ഹിമാചൽ പ്രദേശിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. തുടർഭരണം ലക്ഷ്യം വെയ്ക്കുന്ന ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രംഗത്തുണ്ട്.
രാഹുൽ ഗാന്ധിയുടെ അഭാവം ചർച്ച ചെയ്യപ്പെട്ടെങ്കിലും അത് പ്രചാരണത്തെ ബാധിക്കാതിരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നു. പ്രിയങ്ക ഗാന്ധി ഇന്നും സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും. ഷിംലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം. മുഴുവൻ സമയ പ്രചാരണത്തിനില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ളവരും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.
നേതാക്കൾക്കിടയിലെ പലപ്പിണക്കം ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുന്നു. സി.പി.എം മത്സരിക്കുന്ന 11 മണ്ഡലങ്ങളിലും വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്. ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്.