ബാബരി മസ്ജിദ്: ഭൂമിത്തർക്കമായി തുടങ്ങി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിക തന്നെ മാറ്റിവരച്ച കേസ്
1949-ൽ രാം ലല്ല വിഗ്രഹം ബാബരി മസ്ജിദിൽ വച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
അയോധ്യ: പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ 2019 നവംബർ ഒമ്പതിനായിരുന്നു ബാബരി മസ്ജിദ് കേസിലെ വിധി. സുപ്രിംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏക കണ്ഠമായിട്ടാണ് വിധി പറഞ്ഞത്. ബാബരി മസ്ജിദ് തകർത്തത് തെറ്റാണെന്ന് വ്യക്തമാക്കിയെങ്കിലും ആ ഭൂമിയിൽ തന്നെ ക്ഷേത്രം നിർമിക്കാൻ സുപ്രിംകോടതി അനുമതി നൽകി. ഭൂമിത്തർക്കമായി തുടങ്ങിയ കേസിലെ വിധി, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിക തന്നെ മാറ്റി വരയ്ക്കുകയായിരുന്നു.
1949-ൽ രാം ലല്ല വിഗ്രഹം ബാബരി മസ്ജിദിൽ വച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനോട്, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിഗ്രഹം എടുത്തുമാറ്റാൻ പറഞ്ഞു. ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ നായർ വിഗ്രഹം നീക്കം ചെയ്തത് തടഞ്ഞതോടെ എന്നെന്നേക്കുമായുള്ള തർക്കമായി വളരുകയായിരുന്നു. 1986 ആയപ്പോൾ ക്ഷേത്രം, വിശ്വാസികൾക്കായി തുറന്നു കൊടുക്കാമെന്നായി. കത്തി നിന്ന മണ്ഡൽ രാഷ്ട്രീയത്തെ മറികടക്കാൻ ഹിന്ദുത്വ രാഷ്ട്രീയമുയർത്തി ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അയോധ്യയിലേക്ക് രഥമുരട്ടി തുടങ്ങിയതോടെയാണ് രാജ്യം രണ്ടായി തിരിഞ്ഞത്.
1990-ൽ കർസേവകരുമായി പൊലീസ് ഏറ്റുമുട്ടി. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് കർസേവകർ തകർത്തു. മിനാരങ്ങൾക്കൊപ്പം ശാന്തിയും തകർന്നു വീണു. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തു. പള്ളി തകർത്തത് അന്വേഷിക്കാനായി ലിബർഹാൻ കമ്മിഷനെ നിയോഗിച്ചു. ചരിത്രകാരന്മാർ തള്ളിയെങ്കിലും മസ്ജിദ് നിന്നിരുന്ന ഭാഗത്ത് പത്താം നൂറ്റാണ്ടിലെ ക്ഷേത്രത്തിന്റെ അവശിഷ്ടം ഉണ്ടെന്നു ആർക്കിയോളജിക്കൽ സർവേയുടെ കണ്ടെത്തൽ കോടതിയിലെത്തി. പിന്നീട് രാമക്ഷേത്ര നിർമാണത്തിനായി സുപിംകോടതിയിൽ ഹരജികളുടെ വരവായി. 2019 നവംബർ 9ന് മസ്ജിദ് നിലനിന്നിരുന്ന ഭാഗം അടക്കം ഹിന്ദു വിഭാഗത്തിന് നൽകി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചു. 2020 സെപ്തംബർ 30ന് ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ സി.ബി.ഐ കോടതി വെറുതെവിട്ടു.