'മോദി പെരുമാറുന്നത് ഗുജറാത്ത് പ്രധാനമന്ത്രിയെപ്പോലെ , ഈ മോഡൽ അപകടകരം': തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
''ഇന്ത്യയെ അഞ്ച് ട്രില്ല്യൺ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒപ്പം നിർത്താതെ എങ്ങിനെയാണ് അദ്ദേഹത്തിന് ഇത് സാധ്യമാകുക''
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മോദി പെരുമാറുന്നത് ഗുജറാത്ത് പ്രധാനമന്ത്രിയെപ്പോലെയാണ്. പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങൾക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസ് വഴി ഗുജറാത്തിലേക്ക് തിരിച്ചുവിടുകയാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു.
എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളെയും അവസാനിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ടെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. ദ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു റെഡ്ഡി.
'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, എന്നാൽ അദ്ദേഹം ഗുജറാത്തിലെ പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത്. 2004 മുതൽ 2014 വരെ മൻമോഹൻ സിങിന്റെ ഭരണകാലത്ത് മോദി ഗുജറാത്ത് മോഡലിനെ പരസ്യപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നു. അന്നത്തെ കേന്ദ്രസർക്കാർ അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നൽകി. പ്രതിപക്ഷം ഭരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനങ്ങളുടെ വികസനം അന്നത്തെ കേന്ദ്രസർക്കാർ ഉറപ്പുവരുത്തി. അത് അനുമതിയുടെ രൂപത്തിലായാലും ബജറ്റിന്റെ കാര്യത്തിലായാലും സംസ്ഥാനങ്ങൾക്ക് ആവശ്യമായ പിന്തുണ അന്ന് നൽകിയിരുന്നു. അതിനാലാണ് ഒരു ഗുജറാത്ത് മോഡലുണ്ടായത്'- രേവന്ത് റെഡ്ഡി പറഞ്ഞു.
'' എന്നാൽ ഇന്ന്, പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിക്കുകയാണ്. എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളെയും അവസാനിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നു. എന്തുകൊണ്ടാണിത്, അതാണ് ഗുജറാത്ത് മോഡൽ''- രേവന്ത് റെഡ്ഡി പറഞ്ഞു.
'തെലങ്കാനയിൽ എന്തെങ്കിലും നിക്ഷേപം വന്നാൽ, ഒരു നിക്ഷേപകൻ ഇവിടെ നിക്ഷേപം നടത്താൻ തയ്യാറായാൽ, ഗുജറാത്തിലേക്ക് പോകാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, എന്നാൽ മോദിജി ഗുജറാത്തിലെ പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത്. പത്തുവർഷമായി ഞങ്ങൾ അധികാരത്തിലിരുന്നെങ്കിലും ഗുജറാത്തിന് ഒരു പ്രശ്‌നവും സൃഷ്ടിച്ചിരുന്നില്ല'- രേവന്ത് റെഡ്ഡി പറഞ്ഞു.
'ഇന്ത്യയെ അഞ്ച് ട്രില്ല്യൺ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒപ്പം നിർത്താതെ എങ്ങിനെയാണ് അദ്ദേഹത്തിന് ഇത് സാധ്യമാകുക. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്ലാതെ എങ്ങിനെ രാജ്യം അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലെത്തും. സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്ന് 17 പ്രധാന നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് മാറ്റി. ഈ ഗുജറാത്ത് മോഡൽ രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം ആരോപിച്ചു.
നെഹ്‌റു-ഗാന്ധി കുടുംബത്തിന് പിന്നിൽ കോൺഗ്രസ് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് “മോദിജി പരിവാർ vs ഗാന്ധിജി പരിവാർ” പോരാട്ടമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ക്രിക്കറ്റിലേത് പോലെ ടെസ്റ്റ് മാച്ചില്‍ നിന്ന് നിന്ന് 20-20 വേഗതയിലേക്ക് കോണ്‍ഗ്രസ് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിജിയെ കോണ്‍ഗ്രസ് തുറന്നുകാണിച്ചെന്നും റെഡ്ഡി പറഞ്ഞു.
തെലങ്കാനയിൽ താൻ സോണിയാ ഗാന്ധിയുടെ പേരിലാണ് വോട്ട് ചോദിച്ചത്, അത് വിജയിച്ചു, ഹരിയാനയിൽ രാഹുല്‍ ഗാന്ധിയുടെ പേരിൽ പാർട്ടി വോട്ട് ചോദിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.