കര്‍ണാടകയിലെ ഹലാൽ വിവാദത്തിനു പിന്നിലെന്ത്? മാംസം മാത്രം വിളമ്പുന്ന ഹിന്ദു പുതുവത്സര ആഘോഷത്തെക്കുറിച്ച്
യുഗാദിദിനത്തിൽനിന്നു വ്യത്യസ്തമായി മാംസവിഭവങ്ങൾ മാത്രമായിരിക്കും ഹൊസ്തടക്കുവിന് ഹിന്ദു വീടുകളിൽ പാകം ചെയ്യുക. ഇതോടൊപ്പം വ്യാപകമായി മദ്യവും വിളമ്പും
കർണാടകയിൽ ഹലാൽ മാംസം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ബജ്രങ്ദൾ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ കാംപയിൻ ആരംഭിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഹിന്ദു പുതുവത്സര ദിനമായ യുഗാദിക്കു പിന്നാലെയുള്ള പ്രത്യേക ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സംഘ്പരിവാർ പ്രചാരണം. മാംസവിഭവങ്ങൾ മാത്രം വിളമ്പുന്ന യുഗാദിയുടെ പിറ്റേദിവസം നടക്കുന്ന ഹൊസ്തടക്കു ആഘോഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹലാൽ മാംസം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനമുണ്ടായത്. ഹൊസ്തടക്കു ആഘോഷത്തെക്കുറിച്ചും പുതിയ ഹലാൽ വിവാദത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും അറിയാം.
യുഗാദിയും ഹൊസ്തടക്കുവും
കർണാടകയിൽ ഹിന്ദു വിശ്വാസികൾ ആചരിച്ചുപോരുന്ന പുതുവത്സരാരംഭ ദിനമാണ് യുഗാദി. ഹിന്ദു പുരാണ പ്രകാരം ശ്രീകൃഷ്ണൻ മരിച്ച ദിവസം ആരംഭിച്ച കലിയുഗത്തിന്റെ ആരംഭമായാണ് യുഗാദി കണക്കാക്കപ്പെടുന്നത്. കർണാടകയ്ക്കു പുറമെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമെല്ലാം ഹിന്ദു വിശ്വാസികൾ പുതുവത്സരദിനമായി ഈ ദിവസം കൊണ്ടാടുന്നു.
പൂജാകർമങ്ങൾക്കും പ്രാർത്ഥനകൾക്കുമൊപ്പം വിവിധ തരത്തിലുള്ള ഭക്ഷണ വിഭവങ്ങളൊരുക്കിയാണ് ഈ ദിവസത്തെ ജനങ്ങൾ വരവേൽക്കാറുള്ളത്. മാങ്ങ, പുളി, ശർക്കര, ഉപ്പ്, മുളക് തുടങ്ങിയവ ചേർത്തുകൊണ്ട് തയാറാക്കുന്ന പ്രത്യേക പാനീയമാണ് ഈ ദിവസത്തെ ഒരു പ്രത്യേക വിഭവം. യുഗാദി പച്ചടി എന്ന് തെലുങ്കിലും ബേബു ബെള്ള എന്ന കന്നഡയിലും ഇതിനെ വിളിക്കപ്പെടുന്നു.
യുഗാദിക്ക് തൊട്ടടുത്ത ദിവസവും മറ്റൊരു പേരിൽ ഈ പ്രദേശത്തുകാർ ആഘോഷിച്ചുവരുന്നുണ്ട്. വർഷദ്‌തൊടക്കു, ഹൊസ്തടക്കു എന്നെല്ലാം വിളിക്കപ്പെടുന്ന ഈ ദിവസം മുഴുവൻ ആഘോഷത്തിന്റേതാണ്. യുഗാദിദിനത്തിൽനിന്നു വ്യത്യസ്തമായി മാംസവിഭവങ്ങൾ മാത്രമായിരിക്കും ഈ ദിവസം ഹിന്ദു വീടുകളിൽ പാകം ചെയ്യപ്പെടുന്നത്. ഇതോടൊപ്പം വലിയ തോതിൽ മദ്യവും വിളമ്പും.
ആളുകൾ വീടുകളിലോ പൊതുസ്ഥലങ്ങളിലോ ഒത്തുകൂടി മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്യും. മാംസ വിഭവങ്ങൾ അടങ്ങുന്ന സ്‌പെഷൽ ഭക്ഷണവും കഴിച്ചായിരിക്കും ആ ദിവസം എല്ലാവരും പിരിയുകയെന്ന് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ ശനിയാഴ്ചയായിരുന്നു യുഗാദി നടന്നത്. ഞായറാഴ്ച ഹൊസ്തടക്കു ആഘോഷങ്ങളും നടന്നു.
ഹലാൽ വിവാദം എന്തിന്?
ഹൊസ്തടക്കു ആഘോഷങ്ങളിൽ ഹലാൽ മാംസം വാങ്ങരുതെന്ന് ബജ്രങ്ദൾ അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ ആഹ്വാനം ചെയ്തതാണ് പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയത്. ഹലാൽ കശാപ്പിനു പകരം 'ഝട്ക' കശാപ്പ് നടക്കുന്ന സ്ഥലങ്ങളിൽനിന്ന് മാസം വാങ്ങണമെന്നായിരുന്നു ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം. മൂർച്ചയുള്ള കത്തികൊണ്ട് മൃഗത്തിന്റെ കഴുത്ത് അറുത്ത് മുഴുവൻ രക്തവും വാർന്നുകണം ഹലാൽ അറവിൽ. എന്നാൽ, ഇലക്ട്രിക് ഷോക്ക് നൽകിയോ അല്ലാതെയോ ബോധംകെടുത്തിയ ശേഷം ഒറ്റ വെട്ടിന് മൃഗത്തിന്റെ കഴുത്ത് ഛേദിച്ചുകളയുന്നതാണ് ഝട്ക കശാപ്പ്.
ഹലാൽ മാംസത്തിനെതിരായ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ പിന്തുണച്ച് മതകാര്യ വകുപ്പ് മന്ത്രി ശശികലെ ജോലെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹലാൽ ഇറച്ചി ബഹിഷ്‌കരിക്കണമെന്ന കാംപയിനിൽ തെറ്റില്ലെന്നും ദൈവത്തിന് ദാനം നൽകുന്നുവെന്ന സങ്കൽപത്തിൽ മൃഗങ്ങളെ ബോധം കെടുത്തിയശേഷമാണ് അറുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളെ അബോധാവസ്ഥയിലാക്കിയ ശേഷം മാത്രമേ മൃഗങ്ങളെ കശാപ്പ് ചെയ്യാവൂവെന്ന് കർണാടക മൃഗ സംരക്ഷണ വകുപ്പ് സർക്കുലർ പുറത്തിറക്കുകയും ചെയ്തിരുന്നു.
എന്നാൽ, ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾക്കു പിറകെയും പലയിടത്തും മുസ്‌ലിം വ്യാപാരികളെയടക്കം ഇതു ബാധിച്ചിട്ടില്ലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. ബംഗളൂരുവിലടക്കം മുസ്‌ലിം വ്യാപാരികളുടെ സ്റ്റാളുകളിലും കഴിഞ്ഞ ദിവസം വൻതിരക്കാണ് അനുഭവപ്പെട്ടത്. ഈ ദിവസം മാത്രം 1,000 കിലോയോളം മാംസമാണ് വിറ്റുപോയതെന്ന് ഒരു കടയുടമ പറയുന്നു.
''ഏതാണ് ഹലാൽ അറവ്, ഏതാണ് ഝട്ക അറവ് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. വൃത്തിയുള്ളതും ശുദ്ധവുമായ മാംസം മാത്രമാണ് ഞങ്ങൾക്ക് വേണ്ടത്. അത് ഇവിടെ ലഭിക്കുന്നുണ്ട്..'' ഹൊസ്തടക്കു ആഘോഷത്തിന്റെ ഭാഗമായി ഒരു മുസ്‌ലിം വ്യാപാരിയുടെ കടയിൽ ഇറച്ചി വാങ്ങാനെത്തിയ ഒരാൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
Summary: Hosa Todaku, the non-veg festival of Karnataka, that caused in Halal boycott controversy