നഗരങ്ങള്‍ കീഴടക്കി പെൺപട; യുപിയിൽ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്രകടനം

മാരത്തണിന് ഒമിക്രോൺ വ്യാപനം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടങ്ങൾ അനുമതി നിഷേധിച്ചിരുന്നു. വിലക്കുകളെല്ലാം മറികടന്നാണ് പതിനായിരക്കണക്കിന് പെൺകുട്ടികൾ നഗരവീഥികളിലേക്ക് പ്രവഹിച്ചത്

Update: 2021-12-26 10:47 GMT
Editor : Shaheer | By : Web Desk
Advertising

ഉത്തർപ്രദേശിൽ പെൺകരുത്ത് കൊണ്ട് ശക്തി തെളിയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'ലഡ്കി ഹൂ, ലഡ് സക്തി ഹൂ'(പെൺകുട്ടികളാണ് ഞങ്ങൾ, പോരാടും) എന്ന മുദ്രാവാക്യത്തിൽ ലഖ്‌നൗവിലും ഝാൻസിയിലും ഇന്നു രാവിലെ നടന്ന വനിതാ മാരത്തണിൽ പങ്കെടുത്തത് പതിനായിരക്കണക്കിനു പെൺകുട്ടികളാണ്. ജില്ലാ ഭരണകൂടങ്ങളുടെ വിലക്ക് ലംഘിച്ചാണ് നഗരങ്ങളിലേക്ക് അപ്രതീക്ഷിതമായ പെണ്ണൊഴുക്കുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വിഷയങ്ങളുയർത്തി വോട്ട് പിടിക്കാനുള്ള പ്രിയങ്കയുടെ തന്ത്രങ്ങളുടെ ഏറ്റവും പുതിയ നീക്കമാണ് ഇന്ന് യുപി നഗരങ്ങളിൽ കണ്ടത്. പുതുതലമുറയിലെ പെൺകുട്ടികളെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു ഇന്നത്തെ മാരത്തൺ. പരിപാടിക്ക് ഒമിക്രോൺ വ്യാപനം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടങ്ങൾ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, വിലക്കുകളെല്ലാം മറികടന്നാണ് പതിനായിരക്കണക്കിന് പെൺകുട്ടികൾ നഗരവീഥികളിലേക്ക് പ്രവഹിച്ചത്.

മാരത്തണിന്റെ വിഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. യുവതലമുറ പെൺകുട്ടികളുടെ അഭൂതപൂർവമായ സംഗമത്തിനാണ് ഇന്ന് യുപി നഗരങ്ങൾ സാക്ഷ്യം വഹിച്ചതെന്ന് വിഡിയോകളിൽനിന്ന് വ്യക്തമാണ്. ''പെൺകുട്ടികൾ ഇനി അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല. അതിക്രമങ്ങൾക്കെതിരെ അവർ ശബ്ദമുയർത്തും, പോരാടും'-വിഡിയോകൾക്ക് നൽകിയ അടിക്കുറിപ്പിൽ സൂചിപ്പിക്കുന്നു.

മാരത്തണിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കോൺഗ്രസ് സ്‌കൂട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. നാലുമുതൽ 25 വരെ സ്ഥാനക്കാർക്ക് സ്മാർട്‌ഫോണും ലഭിക്കും. തുടർന്ന് 100 പേർക്ക് ഫിറ്റ്‌നസ് ബാൻഡ്, ബാക്കിയുള്ള ആയിരം പേർക്ക് മെഡലുകൾ എന്നിവയും നൽകും.

ഹത്രാസ്, ഉന്നാവോ പ്രചാരണായുധം; യുപിയുടെ പെൺമനസ്സ് പിടിച്ചടക്കാൻ കോൺഗ്രസ്

യോഗി ആദിത്യനാഥ് സർക്കാരിന് ഏറെ മാനക്കേടുണ്ടാക്കിയ ഹത്രാസ്, ഉന്നാവോ കൂട്ടബലാത്സംഗക്കേസടുകളടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് യുപിയിലെ സ്ത്രീമനസ് കീഴടക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ മുഖം കോൺഗ്രസിന്റെ നീക്കത്തിന് വലിയ മുതൽകൂട്ടാകുമെന്നുറപ്പാണ്.

മാസങ്ങൾക്കുമുൻപ് തന്നെ സ്ത്രീസൗഹൃദ പ്രഖ്യാപനങ്ങൾ നടത്തി പ്രിയങ്ക അടിത്തട്ടിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. യോഗി സർക്കാരിനു കീഴിൽ നടന്ന സ്ത്രീപീഡന, കൊലപാതക സംഭവങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് പ്രിയങ്കയുടെ പ്രചാരണങ്ങളെല്ലാം. ഏറ്റവും ശ്രദ്ധേയമായ കാര്യം പുതിയ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രചാരണതന്ത്രങ്ങളാണ് പ്രിയങ്ക ക്യാംപ് ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്.

കോൺഗ്രസിന്റെ തന്ത്രങ്ങൾ മനസിലാക്കിത്തന്നെ ബിജെപിയും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ കഴിഞ്ഞ ദിവസങ്ങളിൽ യുപി സർക്കാർ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തു തവണയാണ് സംസ്ഥാനത്തെത്തിയത്. പലയിടത്തും വലിയ പ്രഖ്യാപനങ്ങളും മോദി നടത്തി. 16 ലക്ഷത്തോളം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി 1,000 കോടി രൂപ അനുവദിക്കുമെന്ന മോദിയുടെ വാഗ്ദാനം അവയിലൊന്നു മാത്രം.

സമാജ്‌വാദി പാർട്ടിയും സ്ത്രീ വോട്ടർമാരെ പിടിക്കാനുള്ള നീക്കത്തിലാണ്. അഖിലേഷ് യാദവ്, മുലായം സിങ് യാദവ് എന്നിവരുടെ ഭരണകാലത്തെ സ്ത്രീക്ഷേമ പദ്ധതികൾ എടുത്തുകാണിച്ചാണ് എസ്പി പ്രചാരണം. മുലായം സിങ്ങിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യ അപർണ യാദവാണ് എസ്പി കാംപയിനിനു നേതൃത്വം നൽകുന്നത്.

Summary: Congress leader Priyanka Gandhi Vadra's women-centred 'Ladki hoon, lad sakti hoon' (I'm a girl and can fight)" campaign in Uttar Pradesh saw a major boost as thousands of women participated in a woman marathon organised by the party this morning in Lucknow and Jhansi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News