ഹൈദരാബാദ് ദുരഭിമാനക്കൊല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഗവർണർ തമിഴിസൈ സൗന്ദർരാജൻ തെലങ്കാന സർക്കാറിനോട് വിശദറിപ്പോർട്ട് തേടിയിട്ടുണ്ട്
ഹൈദരാബാദ്: തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കിയ നിര്‍ദേശം. ഗവർണർ തമിഴിസൈ സൗന്ദർരാജൻ തെലങ്കാന സർക്കാറിനോട് വിശദറിപ്പോർട്ട് തേടിയിട്ടുണ്ട്.
സെക്കന്തരാബാദിലെ മാറേഡ്പള്ളിയിൽ താമസിക്കുന്ന നാഗരാജു എന്ന 25കാരനാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. മലക്പേട്ടിലെ ഒരു പ്രമുഖ കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കോളജ് കാലം മുതൽ പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിൻ സുല്‍ത്താനയും ജനുവരിയിൽ ആര്യസമാജ് മന്ദിറിൽ വച്ചായിരുന്നു വിവാഹിതരായത്. വ്യത്യസ്ത മതങ്ങളില്‍പെട്ടവരായതുകൊണ്ട് സുല്‍ത്താനയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു.
ബുധനാഴ്ച രാത്രി സരൂർനഗറിലെ പാഞ്ഞാള അനിൽകുമാർ കോളനിയിലെ പ്രധാന റോഡിൽവെച്ചാണ് നാഗരാജു ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. ഇരുപത് മിനിറ്റോളം തന്‍റെ കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുമ്പോഴും ആരും സഹായത്തിനെത്തിയില്ലെന്ന് സുല്‍ത്താന പ്രതികരിച്ചു. പൊലീസ് വളരെ വൈകിയാണ് സംഭവസ്ഥലത്തെത്തിയത്, അപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയി. ഈ സമൂഹത്തില്‍ ഒരു നല്ല മനുഷ്യന്‍ പോലുമില്ലെന്നും അവര്‍ പറയുന്നു. കേസിൽ യുവതിയുടെ സഹോദരൻ സയ്യിദ് മുബീൻ അഹമ്മദ്, ബന്ധു മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.