''മാൻ ഓഫ് ദ മാച്ച് ഞാൻ തന്നെ''; മമതയോട് തോറ്റമ്പിയ ശേഷവും പ്രിയങ്ക

84,709 വോട്ടുകൾ മമതാ ബാനർജി നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പ്രിയങ്കയ്ക്ക് 26,320 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്

Update: 2021-10-03 11:54 GMT
Editor : Dibin Gopan | By : Web Desk
Advertising

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും തെരഞ്ഞെടുപ്പിലെ താരം താൻ ആയിരുന്നു എന്ന് ബിജെപി സ്ഥാനാർഥി പ്രിയങ്ക ട്രിബിവാൾ. തെരഞ്ഞെടുപ്പിലെ 'മാൻ ഓഫ് ദ മാച്ച്' ഞാനാണ്. മമതാ ബാനർജിക്ക് ആധിപത്യമുള്ള ഭവാനിപ്പൂരിൽ 25,000 വോട്ടുകൾ നേടാൻ എനിക്ക് സാധിച്ചു. ഇനിയും ഞാൻ കഠിന്വാധാനം ചെയ്യും. പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രിയങ്ക കത്തെഴുതിയിരുന്നു. ഫലം പ്രഖ്യാപിച്ചതിനുശേഷം ഉണ്ടാകാൻ സാധ്യതയുള്ള അക്രമങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

തെരഞ്ഞെടുപ്പിൽ റെക്കോർഡ് മാർജിനാണ് മമതാ ബാനർജി പ്രിയങ്ക ട്രിബിവാളിനെ തോൽപ്പിച്ചത്. 58,389 വോട്ടിന്റെ വ്യത്യാസത്തിനായിരുന്നു മമതയുടെ വിജയം. 84,709 വോട്ടുകൾ മമതാ ബാനർജി നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ പ്രിയങ്കയ്ക്ക് 26,320 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. സിപിഎം സ്ഥാനാർഥി ശ്രിജിബ് ബിസ്വാസ് നേടിയത് 4,201 വോട്ടാണ്.

2011ൽ ഭവാനിപൂരിൽനിന്ന് 54,000 വോട്ടിൻരെ ഭൂരിക്ഷത്തോടെയാണ് മമത ബാനർജി ബംഗാൾ നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ചത്. മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ട ഇടത് സർവാധിപത്യത്തിന് അന്ത്യം കുറിച്ച് മമത ബംഗാളിൽ പുതിയൊരു ചരിത്രം കുറിക്കുന്നതും അങ്ങനെയാണ്. ബംഗാൾ തൃണമൂൽ കോൺഗ്രസ് പിടിച്ചടക്കുന്നു. മമത മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. കൃത്യം ഒരു പതിറ്റാണ്ടിനുശേഷം ഭവാനിപൂർ വീണ്ടും മമതയ്ക്ക് കാവലൊരുക്കിയിരിക്കുന്നു.

ബിജെപിയിലേക്ക് കൂടുമാറി വെല്ലുവിളിയുയർത്തിയ അധികാരിയോട് കണക്കുതീർക്കാനായിരുന്നു ഇത്തവണ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തംതട്ടകമായ ഭവാനിപൂർ വിട്ട് മമത നന്ദിഗ്രാമിലെത്തുന്നത്. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മമതയ്ക്ക് അടിപതറി. 1,956 വോട്ടിനാണ് സുവേന്ദു അധികാരിയോട് മമത തോറ്റത്. എന്നാൽ, തോൽവി സമ്മതിച്ച മമത ആറുമാസത്തിനകം ജനപിന്തുണ ഉറപ്പിക്കുമെന്ന വാഗ്ദാനത്തിൽ അധികാരത്തിലേറി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനും മാസങ്ങൾക്കുമുൻപ് തന്നെ ആരംഭിച്ച കൊണ്ടുപിടിച്ച പ്രചാരണതന്ത്രങ്ങളൊക്കെ വെള്ളത്തിൽ വരച്ച വരപോലെയാകുന്ന തരത്തിൽ കനത്ത തോൽവിയായിരുന്നു ബിജെപി നേരിട്ടത്. ആകെയുള്ള 294 സീറ്റിൽ 213ഉം പിടിച്ചടക്കി മമതയും തൃണമൂലും കൊടുങ്കാറ്റായി. ബിജെപിക്ക് 77 സീറ്റാണ് നേടാനായത്. കോൺഗ്രസും സിപിഎമ്മും ചരിത്രത്തിലാദ്യമായി ബംഗാളിൽ സഖ്യം ചേർന്നിട്ടും സംപൂജ്യരായി.

ശക്തമായ ജനപിന്തുണയിൽ മൂന്നാമതും അധികാരം പിടിച്ച മമതയ്ക്ക് എംഎൽഎ സ്ഥാനം ഉറപ്പിക്കുക എന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ല. പുതിയ സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന സോബൻദേവ് ചതോപാധ്യായ കഴിഞ്ഞ മെയിൽ നേതാവിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു. മമതയുടെ വിശ്വസ്ത മണ്ഡലം ഭവാനിപൂരിൽനിന്ന് മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു സോബൻദേവ് വിജയിച്ചിരുന്നത്. ഭവാനിപൂരിൽ അഭിഭാഷകകൂടിയായ പ്രിയങ്ക തിബ്രേവാളിനെയാണ് ബിജെപി മമതയ്ക്കെതിരെ ഇറക്കിയത്. ഇത്തവണ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ വ്യാപകമായി നടന്ന അക്രമസംഭവങ്ങളിൽ തൃണമൂലിനെതിരെ നിയമനടപടിയുമായി കോടതിയെ സമീപിച്ച അഭിഭാഷകയെ തന്നെയാണ് മമതയോട് ഏറ്റുമുട്ടാൻ ബിജെപി ഇറക്കിയത്. മമതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനവുമായി കോൺഗ്രസ് മത്സരരംഗത്തുനിന്ന് പിന്മാറി. എന്നാൽ, അടിത്തറ അപ്പാടെ തകർന്നടിഞ്ഞിട്ടും മമതയ്ക്കെതിരെ സിപിഎം അങ്കത്തിനിറങ്ങി. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പ്രിയങ്കയ്ക്ക് കിട്ടിയ വോട്ടിനെക്കാൾ ഭൂരിപക്ഷത്തിനാണ് മമതയെ ഭവാനിപൂർ തെരഞ്ഞെടുത്തിരിക്കുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News