ബി.ജെ.പി വനിതാ നേതാക്കളെ ഡി.എം.കെ നേതാവ് അധിക്ഷേപിച്ചു; മാപ്പ് പറഞ്ഞ് കനിമൊഴി

'സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് പറയുന്നു' എന്നാണ് കനിമൊഴി വ്യക്തമാക്കിയത്.

Update: 2022-10-28 07:03 GMT
Advertising

ചെന്നൈ: ബി.ജെ.പിയുടെ വനിതാ നേതാക്കളെ കുറിച്ച് ഡി.എം.കെ നേതാവ് നടത്തിയ അപകീർത്തികരമായ പരാമർശത്തിന്‍റെ പേരില്‍ മാപ്പ് പറയുന്നുവെന്ന് കനിമൊഴി. 'സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് പറയുന്നു' എന്നാണ് ഡി.എം.കെ എം.പി കനിമൊഴി വ്യക്തമാക്കിയത്. തന്‍റെ പാര്‍ട്ടിയുടെ അധ്യക്ഷനും സഹോദരനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ അധിക്ഷേപങ്ങള്‍ വെച്ചുപൊറുപ്പിക്കാത്തതിനാൽ തനിക്ക് മാപ്പ് പറയാമെന്ന് കനിമൊഴി പറഞ്ഞു.

ഡി.എം.കെ നേതാവ് സെയ്ദായി സാദിഖ് നടത്തിയ പരാമര്‍ശത്തെ ചോദ്യംചെയ്തുള്ള നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്‍റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി. പുരുഷന്മാർ സ്ത്രീകളെ അധിക്ഷേപിക്കുമ്പോള്‍ അത് അവർ വളർന്നുവന്ന വിഷലിപ്തമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നുവെന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്. ഈ പുരുഷന്മാർ സ്ത്രീയുടെ ഗർഭപാത്രത്തെ അപമാനിക്കുന്നു. അത്തരത്തിലുള്ള പുരുഷന്മാർ സ്വയം കലൈഞ്ജറുടെ അനുയായികൾ എന്ന് വിളിക്കുന്നു. ഇത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ പുതിയ ദ്രാവിഡ മാതൃകയാണോ എന്നാണ് കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു ട്വീറ്റ് ചെയ്തത്."ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാൻ മാപ്പ് ചോദിക്കുന്നു. പറഞ്ഞത് ആരായാലും പറഞ്ഞ ഇടമോ പാർട്ടിയോ എന്തുതന്നെയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല. എന്‍റെ നേതാവ് എം.കെ സ്റ്റാലിനും എന്‍റെ പാര്‍ട്ടിയും ഇതൊരിക്കലും അംഗീകരിക്കാത്തതിനാല്‍ എനിക്ക് പരസ്യമായി മാപ്പ് പറയാം"- കനിമൊഴി പറഞ്ഞു. ഇത്തരമൊരു നിലപാടെടുത്തതിന് ഖുശ്ബു കനിമൊഴിയോട് നന്ദി പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ബി.ജെ.പി നേതാക്കളായ ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൌതമി എന്നിവരെ 'ഐറ്റങ്ങള്‍' എന്നാണ് ഡി.എം.കെ നേതാവ് സെയ്ദായി സാദിഖ് അധിക്ഷേപിച്ചത്. ബി.ജെ.പി തമിഴ്നാട്ടില്‍ വേരുപടര്‍ത്താന്‍ നടിമാരെ ആശ്രയിക്കുകയാണെന്നും ഡി.എം.കെ നേതാവ് ആരോപിച്ചു.

എം.കെ സ്റ്റാലിനും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇത്തരം പരാമര്‍ശങ്ങളോട് നേരത്തെ വിയോജിച്ചിട്ടുണ്ട്. അവര്‍ 'ഉറക്കമില്ലാത്ത രാത്രികൾ' നൽകുന്നുവെന്ന് പറഞ്ഞ സ്റ്റാലിന്‍, ഇരുവശവും അടിക്കുന്ന ഡ്രമ്മിനോട് സ്വയം ഉപമിച്ചു- "ചിലരുടെ പെരുമാറ്റം കാരണം പാർട്ടി പരിഹാസവും നാണക്കേടും നേരിടേണ്ടിവന്നു"- ഈ മാസം ആദ്യം നടന്ന പാർട്ടി യോഗത്തിൽ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

സഖ്യകക്ഷിയായ കോൺഗ്രസിനെ അപമാനിക്കുന്ന പരാമർശത്തിന്‍റെ പേരിൽ ഡി.എം.കെയുടെ മുതിർന്ന നേതാവും വക്താവുമായ കെ.എസ് രാധാകൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുണ്ടായി. കോൺഗ്രസ് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച രാധാകൃഷ്ണൻ, ആരു തെരഞ്ഞെടുക്കപ്പെട്ടാലും ഭരിക്കുന്നത് സോണിയ ഗാന്ധിയായിരിക്കുമെന്നാണ് പറഞ്ഞത്.

തമിഴ്നാട് സര്‍ക്കാരിന്‍റെ സൗജന്യ ബസ് യാത്ര പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. ഹിന്ദുക്കളെയും ശൂദ്രരെയും കുറിച്ച് മുൻ മന്ത്രിയും എംപിയുമായ എ രാജ നടത്തിയ പരാമർശവും വിവാദമായി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News