എനിക്ക് വിരമിക്കാനുള്ള സമയമായെന്ന് തോന്നുന്നു; ബി.ജെ.പി റാലിയിലെ മകന്‍റെ പ്രസംഗം കേട്ട് വസുന്ധര രാജെ
ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ മകന്‍ ദുഷ്യന്ത് സിംഗ് ബഹുദൂരം മുന്നോട്ടുപോയെന്നാണ് വസുന്ധരയുടെ വിലയിരുത്തല്‍
ജല്‍വാര്‍: രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനുള്ള സമയമായെന്ന് തോന്നുന്നുവെന്ന് രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ മകന്‍ ദുഷ്യന്ത് സിംഗ് ബഹുദൂരം മുന്നോട്ടുപോയെന്നാണ് വസുന്ധരയുടെ വിലയിരുത്തല്‍.
നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ശനിയാഴ്ച ജലവാർ അസംബ്ലി മണ്ഡലത്തിൽ നിന്ന് രാജെ നാമനിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിൽ ജല്‍വാർ-ബാരനെയാണ് ദുഷ്യന്ത് സിംഗ് പ്രതിനിധീകരിക്കുന്നത്. ജല്‍വാറില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ വസുന്ധരയും ദുഷ്യന്തും പങ്കെടുത്തിരുന്നു. ''എന്‍റെ മകനെ കേട്ടപ്പോള്‍ ഞാന്‍ വിരമിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനവനെ തള്ളേണ്ട ആവശ്യമില്ല. എല്ലാ എം.എൽ.എമാരും ഇവിടെയുണ്ട്, ജനങ്ങൾക്ക് വേണ്ടിയുള്ള ജോലികൾ അവർ സ്വയം ചെയ്യും എന്നതിനാൽ അവരെ നിരീക്ഷിക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നുന്നു. ഇത് ജല്‍വറാണ്.''വസുന്ധര പറഞ്ഞു.
റോഡുകൾ, ജലവിതരണ പദ്ധതികൾ, വ്യോമ-റെയിൽ കണക്റ്റിവിറ്റി എന്നിവയെ പരാമർശിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മേഖലയിലെ വികസന പ്രവർത്തനങ്ങളും രാജെ എടുത്തുപറഞ്ഞു.ഇപ്പോള്‍ ആളുകള്‍ എവിടെയാണ് ജല്‍വാര്‍ എന്ന ചോദിക്കുന്നു. ആളുകള്‍ ഇവിടെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നു. സർക്കാർ റിക്രൂട്ട്‌മെന്‍റ് ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തെ കടന്നാക്രമിച്ച വസുന്ധര ബി.ജെപി.യെ മുന്നോട്ട് കൊണ്ടുപോകാൻ ജനങ്ങൾ പ്രവർത്തിക്കുമ്പോൾ മാത്രമേ രാജസ്ഥാൻ വീണ്ടും ഒന്നാം നമ്പർ സംസ്ഥാനമാകൂ എന്നും പറഞ്ഞു.