കൊവിഡിന് പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയും: പഠനം
രാജ്യത്ത് മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷങ്ങള്‍ രോഗബാധിതരാവുകയും ചെയ്തിരുന്നു
കൊവിഡിന്‍റെ പുതിയ വകഭേദം ഉണ്ടായില്ലെങ്കില്‍ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തിന്‍റെയത്ര തീവ്രതയുണ്ടാകില്ലെന്ന് വാക്സിനോളജിസ്റ്റ് ഗഗന്‍ദീപ് കംഗ്. പുതിയ വകഭേദങ്ങളെ നേരിടാന്‍ ശേഷിയുള്ള വാക്സിനുകള്‍ നിര്‍മിക്കുകയും നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് കൊവിഡ് പ്രതിരോധത്തില്‍ വേണ്ടതെന്ന് കംഗ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ പതിനായിരങ്ങള്‍ മരിക്കുകയും ലക്ഷങ്ങള്‍ രോഗബാധിതരാവുകയും ചെയ്തിരുന്നു.
"ഇന്ത്യയിലെ വാക്സിന്‍ ഇന്‍ഡസ്ട്രി വളരെ മികച്ച രീതിയിലാണ് കോവിഡിനെതിരെ പോരാടുന്നത്. പക്ഷെ നമുക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. നമ്മള്‍ കോവിഡിനെ കീഴടക്കിയിട്ടില്ല, അത്ര പെട്ടന്ന് നമുക്ക് കീഴടക്കാനുമാകില്ല." - കംഗ് പറഞ്ഞു. ലൈഫ് സയന്‍സ് കോണ്‍ക്ലേവില്‍ പങ്കെടുക്കവേയായിരുന്നു വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പ്രൊഫസറായ ഗഗന്‍ദീപ് കംഗിന്‍റെ പ്രതികരണം.