പ്രേതമുണ്ട്, ഹരേ രാമ ചൊല്ലി പ്രേതങ്ങളെ ഓടിച്ചിട്ടുണ്ട്: മാണ്ഡി ഐ.ഐ.ടി ഡയറക്ടര്‍

തന്‍റെ സുഹൃത്തിന്‍റെ വീടിനെ ബാധിച്ച ഭൂത, പ്രേതങ്ങളെ മന്ത്രങ്ങൾ ജപിച്ച് ഉച്ചാടനം ചെയ്തതായി ബെഹ്‌റ പറയുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

Update: 2022-01-16 03:24 GMT
പ്രേതമുണ്ട്, ഹരേ രാമ ചൊല്ലി പ്രേതങ്ങളെ ഓടിച്ചിട്ടുണ്ട്: മാണ്ഡി ഐ.ഐ.ടി ഡയറക്ടര്‍
AddThis Website Tools
Advertising

പ്രേതങ്ങൾ ഉണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാനാവില്ലെന്നും മാണ്ഡി ഐ.ഐ.ടിയുടെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പുതിയ ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ. 'ഹരേ രാമ ഹരേ കൃഷ്ണ' മന്ത്രം ചൊല്ലി താൻ ഭൂത പ്രേത പിശാചുക്കളെ ഓടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്‍റെ സുഹൃത്തിന്‍റെ വീടിനെ ബാധിച്ച ഭൂത, പ്രേത​ങ്ങളെ വിശുദ്ധ മന്ത്രങ്ങൾ ജപിച്ച് ഉച്ചാടനം ചെയ്തതായി ബെഹ്‌റ പറയുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

1993ലുണ്ടായ സംഭവമാണ് ബെഹ്റ വീഡിയോയില്‍ വിശദീകരിച്ചത്- "ഞാൻ എന്‍റെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി ചെന്നൈയിലെ സുഹൃത്തിന്‍റെ അപാര്‍ട്മെന്‍റിലെത്തി. 10-15 മിനിറ്റ് ഉച്ചത്തില്‍ മന്ത്രോച്ചാരണം നടത്തി. സുഹൃത്തിന്‍റെ നടക്കാന്‍ പ്രയാസമുള്ള, പ്രായമായ അച്ഛന്‍ കൈകാലുകള്‍ അനക്കി ഭയാനകമായ രീതിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ തല വീടിന്‍റെ മേൽക്കൂരയിൽ തൊട്ടു. ദുരാത്മാവ് അദ്ദേഹത്തെ പൂർണമായി വിഴുങ്ങുന്നതായി അനുഭവപ്പെട്ടു. സുഹൃത്തിന്‍റെ അമ്മയെയും ഭാര്യയെയും ദുരാത്മാവ് പിടികൂടി. ദുരാത്മാവിനെ തുരത്താൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഉച്ചത്തില്‍ മന്ത്രം ജപിച്ചു"- 'ലേൺ ഗീത ലൈവ് ഗീത' എന്ന യുട്യൂബ് ചാനലിൽ ഏഴ് മാസം മുന്‍പാണ് വിഡിയോ അപ്‍ലോഡ് ചെയ്തത്.

ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ബെഹ്‌റ. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് പി.എച്ച്.ഡി നേടിയ അദ്ദേഹത്തിന്‍റെ മേഖല റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ആണ്. ജർമൻ നാഷനൽ സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ ഐ.ഐ.ടി കാൺപൂരിൽ ജോലി ചെയ്ത ബെഹ്‌റയെ ജനുവരി 13നാണ് മാണ്ഡി ഐ.ഐ.ടി മേധാവിയാക്കിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News