യു.പിയിലെ 72 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് 2019ൽ കിട്ടിയതിനേക്കാൾ വോട്ട് കുറഞ്ഞു

കനത്ത തിരിച്ചടി നേരിട്ട ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് ഇത്തവണ 33 സീറ്റ് മാത്രമാണ് നേടാനായത്.

Update: 2024-06-08 14:52 GMT
Advertising

ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയേറ്റ ഉത്തർപ്രദേശിൽ പാർട്ടിയുടെ വോട്ട് വിഹിതത്തിലും വൻ ഇടിവ്. 2019ൽ 49.6 ശതമാനമായിരുന്ന വോട്ട് ഇത്തവണ 41.4 ശതമാനത്തിലേക്ക് താഴ്ന്നു. പ്രധാനമന്ത്രി മത്സരിച്ച വാരാണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂർ, രാജ്‌നാഥ് സിങ്ങിന്റെ ലഖ്‌നോ, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ്, സ്മൃതി ഇറാനി മത്സരിച്ച അമേഠി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിയുടെ വോട്ട് വിഹിതം ഇടിഞ്ഞു.

2019നെ അപേക്ഷിച്ച് ബി.ജെ.പി കൂടുതൽ വോട്ടുകൾ നേടിയ മണ്ഡലങ്ങൾ ഗൗതം ബുദ്ധ നഗർ, ബറേലി, കൗശാംബി എന്നിവ മാത്രമാണ്. കഴിഞ്ഞ തവണ 8.6 കോടി വോട്ട് പോൾ ചെയ്തപ്പോൾ 4.3 കോടി വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ 8.8 കോടി വോട്ട് പോൾ ചെയ്തപ്പോൾ 3.6 കോടി വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.

പടിഞ്ഞാറൻ യു.പിയിൽ മഥുര, അലിഗഢ്, മുസഫർനഗർ, ഫത്തേപൂർ സിക്രി തുടങ്ങിയ മണ്ഡലങ്ങളിലും കിഴക്ക് ഗൊരഖ്പൂരിലും ബി.ജെ.പിക്ക് ഒരു ലക്ഷത്തിലധികം വോട്ട് കുറഞ്ഞു. അമേഠി, റായ്ബറേലി, അലഹാബാദ്, ഗാസിയാബാദ്, മെയിൻപുരി, വാരാണസി തുടങ്ങിയ മണ്ഡലങ്ങളിൽ 50,000 മുതൽ ഒരുലക്ഷം വോട്ട് വരെ കുറഞ്ഞു. പ്രധാനമന്ത്രി മത്സരിച്ച വാരാണസിയിൽ 60,000ൽ അധികം വോട്ടിന്റെ കുറവാണുണ്ടായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News